നിസ്സഹായത നിഴലിക്കുന്ന കണ്ണുകൾ; 'അനന്തൻ കാടി'ലെ ശാന്തി ബാലചന്ദ്രന്റെ കാരക്ടർ പോസ്റ്റർ പുറത്ത്
'ടിയാൻ' എന്ന ചിത്രത്തിന് ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'അനന്തൻ കാടി'ലെ പുതിയ കാരക്ടർ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ചിത്രത്തിൽ ‘കാർത്തി’ എന്ന ശ്രദ്ധേയമായ കഥാപാത്രമായി എത്തുന്ന ശാന്തി ബാലചന്ദ്രന്റെ പോസ്റ്ററാണ് പുറത്തുവന്നത്. തമിഴ് താരം ആര്യ നായകനാകുന്ന ഈ ചിത്രം ജൂൺ 25-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. തമിഴ് സംസാരിക്കുന്ന വേറിട്ടൊരു കഥാപാത്രമായാണ് ആര്യ ചിത്രത്തിലെത്തുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.
വൻ വിജയമായി മാറിയ ‘മാർക്ക് ആന്റണി’ക്ക് ശേഷം മിനി സ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ നിർമിക്കുന്ന ചിത്രമാണിത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. ആഗോളതലത്തിൽ ശ്രദ്ധനേടിയ 'കാന്താര'യുടെ സംഗീത സംവിധായകനായ ബി. അജനീഷ് ലോക്നാഥ് ആദ്യമായി മലയാളത്തിൽ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണിത് എന്ന പ്രത്യേകതയുമുണ്ട്. മുരളി ഗോപിയാണ് ചിത്രത്തിലെ ഗാനങ്ങൾ രചിച്ചതും ആലപിച്ചതും.
ഇന്ദ്രൻസ്, മുരളി ഗോപി, 'പുഷ്പ' ഫെയിം സുനിൽ, അപ്പാനി ശരത്, നിഖില വിമൽ, ദേവ് മോഹൻ, സാഗർ സൂര്യ, റെജീന കാസാൻഡ്ര, അജയ്, കന്നഡ താരം അച്യുത് കുമാർ തുടങ്ങി മലയാളത്തിലെയും അന്യഭാഷകളിലെയും വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. എസ്.യുവ ഛായാഗ്രഹണവും രോഹിത് വി.എസ്. വാരിയത്ത് എഡിറ്റിങ്ങും നിർവഹിക്കുന്നു. ആക്ഷൻ ഡയറക്ടർ ആർ. ശക്തി ശരവണനും പി.ആർ.ഒ ആതിര ദിൽജിത്തുമാണ്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ പാർട്നർ.
