കളരി പഠിക്കുക എന്നതിനേക്കാള്‍ എന്റെ മുന്നിൽ മറ്റു വെല്ലുവിളികൾ ഉണ്ടായിരുന്നു: ടൊവിനോ
ടൊവിനോയുടെ കരിയറിലെ അമ്പതാമതു ചിത്രമാണ് എആർഎം-അജയന്റെ രണ്ടാം മോഷണം. ടൊവിനോ തോമസ് മൂന്നു വേഷങ്ങളിലെത്തുന്ന ആക്ഷൻ ത്രീഡി ത്രില്ലര്‍ തിയറ്ററുകളില്‍ വിജയകരമായി പ്രദർശനം തുടരുകയാണ്. കുഞ്ഞിക്കേളു, മണിയന്, അജയന്... എന്നീ കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ തന്റെ കഥാപാത്രങ്ങളെക്കുറിച്ചു പറയുകയാണ് താരം.
കളരി പഠിക്കുക എന്നതിനേക്കാള്‍ എന്റെ മുന്നിൽ മറ്റു വെല്ലുവിളികൾ ഉണ്ടായിരുന്നു. മൂന്നു കഥാപാത്രങ്ങളെയും രൂപത്തിലും ഭാവത്തിലും സ്വഭാവത്തിലും പെരുമാറ്റത്തിലുമൊക്കെ വേറിട്ടു നില്ക്കുന്ന രീതിയില്‍ അവതരിപ്പിക്കുക എന്നതായിരുന്നു. തുറന്ന ചർച്ചകളായും ആക്ടിംഗ് വര്‍ക്ക് ഷോപ്പുകളായും കൂടുതല്‍ സമയം അതിനുവേണ്ടിയാണു ചെലവഴിച്ചത്.
കാസര്‍ഗോഡിനോട് അടുത്തുനില്ക്കുന്ന നീലേശ്വരം ഭാഗങ്ങളിലെ ഭാഷയാണ് ഈ സിനിമയില്‍. അതിനായ സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും സഹായമുണ്ടായി. അജയന്റെ ഒന്നാം മോഷണവും രണ്ടാം മോഷണവുമൊക്കെ സിനിമയിലുണ്ട്. അതിലുപരി മൂന്നു തലമുറകളുടെ വലിയ കഥയുണ്ട്. സുരഭിലക്ഷ്മി ഇതില്‍ എന്റെ ഭാര്യയായും അമ്മൂമ്മയായും രണ്ടു വേഷങ്ങളില്‍. രോഹിണിച്ചേച്ചി എന്റെ അമ്മയായും മകളായും രണ്ടു വേഷങ്ങളിൽ. ജഗദീഷേട്ടന് നാണുവെന്ന കഥാപാത്രമായി മണിയനൊപ്പമാണുള്ളത്. വലിയ ശ്രദ്ധ കൊടുത്തില്ലെങ്കിൽ കഥാപാത്രങ്ങൾ ചിലപ്പോൾ കൈയിൽനിന്നു വഴുതിപ്പോകുമായിരുന്നു- ടൊവിനോ തോമസ് പറഞ്ഞു.