ഗായകനിൽ നിന്ന് നടനിലേക്ക്; 'കാട്ടാളനിൽ' ഞെട്ടിക്കുന്ന ലുക്കിൽ ഹനാൻ ഷാ

  1. Home
  2. Entertainment

ഗായകനിൽ നിന്ന് നടനിലേക്ക്; 'കാട്ടാളനിൽ' ഞെട്ടിക്കുന്ന ലുക്കിൽ ഹനാൻ ഷാ

hanan sha


ആന്റണി വർഗീസ് പെപ്പെ നായകനാകുന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രം 'കാട്ടാളനി'ലൂടെ ശ്രദ്ധേയ ഗായകൻ ഹനാൻ ഷാ അഭിനയരംഗത്തേക്ക്. ചിത്രത്തിലെ ഹനാൻ ഷായുടെ ക്യാരക്ടർ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രം മേയ് മാസം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. ഒട്ടേറെ ഹിറ്റ് ഗാനങ്ങളിലൂടെ മലയാളി മനസ്സുകളിൽ ഇടംപിടിച്ച ഹനാൻ ഷായുടെ വെള്ളിത്തിരയിലെ അരങ്ങേറ്റം ആരാധകർക്കിടയിൽ വലിയ ആകാംക്ഷയാണ് സൃഷ്ടിച്ചിരിക്കുന്നത്.

ആനക്കൊമ്പ് കള്ളക്കടത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ഹൈ-വോൾട്ടേജ് ആക്ഷൻ ത്രില്ലറാണ് കാട്ടാളൻ എന്നാണ് പുറത്തുവന്ന ട്രെയ്‌ലർ നൽകുന്ന സൂചന. ജംഗീൾ ബീസ്റ്റ്, വൈൽഡ് ബീസ്റ്റ്, ഓഷ്യൻ ബീസ്റ്റ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത സംഗീത ട്രാക്കുകളിലായി പുറത്തിറങ്ങിയ ട്രെയ്‌ലർ ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. 'കെജിഎഫ്', 'മാർക്കോ' തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീതം നൽകിയ രവി ബസ്രൂറാണ് കാട്ടാളനായും പശ്ചാത്തല സംഗീതമൊരുക്കുന്നത്. തമിഴ് താരം ദുഷാര വിജയൻ നായികയാകുന്ന ചിത്രത്തിൽ സുനിൽ, കബീർ സിങ്, സിദ്ധിഖ്, ജഗദീഷ് തുടങ്ങിയ വമ്പൻ താരനിര തന്നെയുണ്ട്.

തായ്ലൻഡിൽ ചിത്രീകരണം ആരംഭിച്ച സിനിമയിൽ 'ഓങ്-ബാക്ക്' സിനിമയിലൂടെ പ്രശസ്തനായ പോങ് എന്ന ആനയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബാഹുബലി, ജവാൻ തുടങ്ങിയ ചിത്രങ്ങൾക്ക് ആക്ഷൻ ഒരുക്കിയ കെച്ച കെംബഡികെയാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. ഉണ്ണി ആറിന്റെ സംഭാഷണങ്ങളും രവി ബസ്രൂർ, അജനീഷ് ലോക്‌നാഥ് എന്നിവരുടെ സംഗീതവും ചിത്രത്തിന് വലിയ പ്രതീക്ഷ നൽകുന്നു. ഹോംബാലെ ഫിലിംസ് കർണാടകയിലെ വിതരണാവകാശം സ്വന്തമാക്കിയ ഈ ചിത്രം പാൻ-ഇന്ത്യൻ തലത്തിലാണ് റിലീസിനൊരുങ്ങുന്നത്.