വ്യാജ രേഖകൾ ഉപയോഗിച്ച് 25 കോടിയുടെ സ്വത്ത് തട്ടിയെടുത്തു; മകൾക്കും തനിക്കുമെതിരെ വധഭീഷണി; പരാതിയുമായി നടി ഗൗതമി

  1. Home
  2. Entertainment

വ്യാജ രേഖകൾ ഉപയോഗിച്ച് 25 കോടിയുടെ സ്വത്ത് തട്ടിയെടുത്തു; മകൾക്കും തനിക്കുമെതിരെ വധഭീഷണി; പരാതിയുമായി നടി ഗൗതമി

GAUTHAMI


നടി ഗൗതമി കോടികളുടെ തട്ടിപ്പിനിരയായതായി റിപ്പോർട്ട്. വ്യാജ രേഖകൾ ഉപയോഗിച്ച് തന്റെ 25 കോടി രൂപയുടെ സ്വത്തുക്കൾ അപഹരിച്ചുവെന്ന് ആരോപിച്ച് നടി ചെന്നൈ പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. താരത്തിനും മകൾക്കുമെതിരെ വധഭീഷണിയുണ്ടെന്നും പരാതിയിലുണ്ട്.

ചെന്നൈയിൽ താമസിക്കുന്ന ഗൗതമിയും മകൾ സുബ്ബുലക്ഷ്മിയും നടിയുടെ ഉടമസ്ഥതയിലുള്ള 46 ഏക്കർ വസ്തുവകകൾ വിൽക്കാൻ തീരുമാനിച്ചിരുന്നു. ഇതിനായി സഹായിക്കാനെത്തിയ ബിൽഡർ അളഗപ്പനും ഭാര്യയും തങ്ങളെ ചതിച്ചുവെന്നാണ് നടി പറയുന്നത്. ഇവരെ വിശ്വസിച്ച് പവർ ഓഫ് അറ്റോർണി നൽകിയെന്നും അളഗപ്പനും ഭാര്യയും തന്റെ ഒപ്പ് ഉപയോഗിച്ചും വ്യാജരേഖ ചമച്ചും 25 കോടിയോളം രൂപയുടെ സ്വത്ത് തട്ടിയെടുത്തെന്നുമാണ് ഗൗതമിയുടെ പരാതി.

തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് മനസിലാക്കി ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ രാഷ്ട്രീയ ഗുണ്ടകളുടെ സഹായത്തോടെയാണ് അളഗപ്പൻ വധഭീഷണി മുഴക്കിയെന്ന് ഗൗതമി പറയുന്നു. വിവരം പുറത്തറിയിച്ചാൽ തന്റെയും മകളുടെയും ജീവിതം ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും നടി പരാതിയിൽ വ്യക്തമാക്കി.

സംഭവം മകളുടെ പഠനത്തെ ബാധിക്കുന്നുവെന്ന് നടി പറയുന്നു. സംഭവം അന്വേഷിച്ച് സ്വത്തുക്കൾ വീണ്ടെടുത്തുതരണമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും പരാതിയിലുണ്ട്. ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബിൽഡർക്ക് പോലീസ് നോട്ടീസ് അയച്ചിട്ടുണ്ടെന്നും വിവരങ്ങളുണ്ട്.