'ടോക്‌സിക്' ആദ്യദിനം നേടിയത് 150 കോടി, റെക്കോർഡുമായി ഗീതു മോഹൻദാസ്
പ്രതികൂല റിവ്യൂകളെ കാറ്റിൽപ്പറത്തി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത യഷ് ചിത്രം ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്സ്’ ആദ്യദിനം ആഗോളതലത്തിൽ 150 കോടി രൂപ സ്വന്തമാക്കി. ഈ വർഷം ഒരു ഇന്ത്യൻ ചിത്രം നേടുന്ന ഏറ്റവും മികച്ച ഓപ്പണിങ് ബോക്‌സ് ഓഫീസ് കളക്ഷനാണിത്. ഈ നേട്ടത്തോടെ ആദ്യദിനം 100 കോടി കടക്കുന്ന ചിത്രം സംവിധാനം ചെയ്യുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടവും ഗീതു മോഹൻദാസ് സ്വന്തമാക്കി.
ഇന്ത്യൻ ബോക്‌സ് ഓഫീസിലെ നെറ്റ് കളക്ഷനിൽ 101.10 കോടി രൂപ നേടിയ ചിത്രം മുൻനിര റിലീസുകളായ കൽക്കി (95 കോടി), സലാർ (91 കോടി), ജവാൻ (75 കോടി) എന്നിവയുടെ ആദ്യദിന റെക്കോർഡുകളെ തകർത്തു. കർണാടകയിൽ നിന്ന് മാത്രം 30.50 കോടിയും ആന്ധ്ര-തെലങ്കാന മേഖലയിൽ നിന്ന് 18.50 കോടിയും ചിത്രം വാരികൂട്ടി. വിദേശ വിപണിയിൽ നിന്ന് 20 കോടിയോളം രൂപയാണ് ഗ്രോസ് കളക്ഷൻ.
കെ.വി.എൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും ബാനറിൽ വെങ്കട്ട് കെ നാരായണയും യഷും ചേർന്ന് നിർമിച്ച ചിത്രത്തിൽ നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
