ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും; 'അതിരുകളില്ലാത്ത കഥകൾ' പ്രമേയം, 'ഫാദർലാൻഡ്' ഉദ്ഘാടന ചിത്രം

  1. Home
  2. Entertainment

ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും; 'അതിരുകളില്ലാത്ത കഥകൾ' പ്രമേയം, 'ഫാദർലാൻഡ്' ഉദ്ഘാടന ചിത്രം

iffi


57-ാമത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് (IFFI) ഇന്ന് ഗോവയിൽ തുടക്കമാകും. നവംബർ 28 വരെ നീണ്ടുനിൽക്കുന്ന മേളയുടെ ഉദ്ഘാടന ചടങ്ങുകൾ ഇന്ന് വൈകുന്നേരം ഡോ. ശ്യാമപ്രസാദ് മുഖർജി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. സിനിമ-സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. 'അതിരുകളില്ലാത്ത കഥകൾ' എന്നതാണ് ഇത്തവണത്തെ മേളയുടെ പ്രമേയം.

പവൽ പാവ്ലിക്കോവ്സ്കി സംവിധാനം ചെയ്ത 'ഫാദർലാൻഡ്' ആണ് മേളയിലെ ഉദ്ഘാടന ചിത്രം. 1949-ൽ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ജർമ്മനിയിലൂടെ നൊബേൽ സമ്മാന ജേതാവായ തോമസ് മാനും മകൾ എറിക്കയും നടത്തുന്ന യാത്രയും അനുഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സിംഗപ്പൂർ സംവിധായകൻ ആന്റണി ചെൻ ഒരുക്കിയ 'വീ ആർ ഓൾ സ്ട്രേഞ്ചേഴ്സ്' ആണ് സമാപന ചിത്രം.

86 രാജ്യങ്ങളിൽ നിന്നുള്ള 159 ചിത്രങ്ങളും 76 ഇന്ത്യൻ ചിത്രങ്ങളുമടക്കം 230-ലധികം സിനിമകളാണ് ഇത്തവണ വിവിധ വിഭാഗങ്ങളിൽ പ്രദർശിപ്പിക്കുന്നത്. സംവിധായകനും നിർമ്മാതാവുമായ ആനന്ദ് എൽ. റായ് ആണ് അന്താരാഷ്ട്ര മത്സരവിഭാഗത്തിന്റെ ജൂറി ചെയർമാൻ. 15 സിനിമകളാണ് ഈ വിഭാഗത്തിൽ സുവർണ്ണ മയൂരത്തിനായി മാറ്റുരയ്ക്കുന്നത്. ഇതുവരെ പ്രഖ്യാപിച്ച 12 ചിത്രങ്ങളിൽ മലയാള സിനിമകൾ ഇടംനേടിയിട്ടില്ല. മികച്ച ചിത്രത്തിന് സുവർണ്ണ മയൂരവും 51 ലക്ഷം രൂപയും പുരസ്കാരമായി ലഭിക്കും.

ഇന്ത്യൻ പനോരമയിൽ മലയാളത്തിളക്കം; പ്രേം നസീറിന് ആദരം

പ്രശസ്ത സംവിധായകൻ മധുർ ഭണ്ടാർക്കറാണ് ഇന്ത്യൻ പനോരമ ഫീച്ചർ വിഭാഗം ജൂറി ചെയർമാൻ. 25 ഫീച്ചർ സിനിമകളും 20 നോൺ-ഫീച്ചർ സിനിമകളും പനോരമയിൽ പ്രദർശിപ്പിക്കും. ആദിത്യ ധർ സംവിധാനം ചെയ്ത ഹിന്ദി ചിത്രം 'ധുരന്ധർ' ഫീച്ചർ വിഭാഗത്തിലെയും, ലീന യാദവ് ഒരുക്കിയ ലഡാക്കി ചിത്രം 'ബിക്കമിങ്' നോൺ-ഫീച്ചർ വിഭാഗത്തിലെയും ഉദ്ഘാടന ചിത്രങ്ങളാണ്.

അഖിൽ സത്യൻ സംവിധാനം ചെയ്ത 'സർവം മായ'യാണ് ഇന്ത്യൻ പനോരമ ഫീച്ചർ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രം. കൂടാതെ പനോരമയിലെ 'ന്യൂ ഹൊറൈസൺ' വിഭാഗത്തിൽ ശ്രുതി ശരണ്യം സംവിധാനം ചെയ്ത 'ഒറ്റ ഞാവൽമരം', ശ്രീഹരി ഹരിദാസ് സംവിധാനം ചെയ്ത 'അജയന്റെ മരണം: ഒരു കേസ് സ്റ്റഡി' എന്നീ മലയാള ചിത്രങ്ങളും പ്രദർശിപ്പിക്കും. നോൺ-ഫീച്ചർ വിഭാഗത്തിൽ സന്ദീപ് ഫ്രാൻസിസ് സംവിധാനം ചെയ്ത 'സ്വിച്ച് ഓഫ്' എന്ന മലയാള ചിത്രവുമുണ്ട്. പ്രേം നസീറിന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 'തുലാഭാരം' എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദർശനവും മേളയിൽ ഒരുക്കിയിട്ടുണ്ട്.

മാസ്റ്റർക്ലാസുകളിൽ കെ.എസ്. ചിത്രയും ബേസിൽ ജോസഫും

മാസ്റ്റർക്ലാസ്, ഇൻ കോൺവർസേഷൻ സെഷനുകളിൽ അന്താരാഷ്ട്ര-ഇന്ത്യൻ സിനിമയിലെ പ്രമുഖർ പ്രേക്ഷകരുമായി സംവദിക്കും. ഫർഹാൻ അക്തർ, അശുതോഷ് ഗോവാരിക്കർ, ഗിരീഷ് കാസറവള്ളി, അയാൻ മുഖർജി, കാർത്തിക് സുബ്ബരാജ് എന്നിവർക്കൊപ്പം മലയാളത്തിൽ നിന്ന് ഗായിക കെ.എസ്. ചിത്രയും സംവിധായകനും നടനുമായ ബേസിൽ ജോസഫും വിവിധ സെഷനുകളിൽ പങ്കെടുക്കും. പുതിയ തലമുറയിലെ പ്രതിഭകളെ കണ്ടെത്താനുള്ള 'ക്രിയേറ്റീവ് മൈൻഡ്‌സ് ഓഫ് ടുമാറോ' പദ്ധതിയുടെ ആറാം പതിപ്പിൽ 13 ചലച്ചിത്ര മേഖലകളിൽ നിന്നായി 100 യുവ പ്രതിഭകളെയാണ് ഇത്തവണ തിരഞ്ഞെടുത്തിരിക്കുന്നത്.