'ഗോഡ്‌സില്ല വേഴ്‌സസ് കോങ്' നടി കയ്‌ലി ഹോട്ടിൽ വാഹനാപകടത്തിൽ മരിച്ചു
ഗോഡ്‌സില്ല വേഴ്‌സസ് കോങ്' ചിത്രങ്ങളിലൂടെ ആഗോളതലത്തിൽ ശ്രദ്ധേയയായ ഹോളിവുഡ് യുവനടി കയ്‌ലി ഹോട്ടിൽ (18) വാഹനാപകടത്തിൽ മരിച്ചു. അമേരിക്കയിലെ മേരിലൻഡിൽ വെച്ചുണ്ടായ അപകടത്തിലാണ് നടിയുടെ ദാരുണാന്ത്യം. മരണവിവരം പിതാവ് ജോഷ്വ ഹോട്ടിലും കയ്‌ലി പഠിച്ചിരുന്ന ടെക്‌സസ് സ്‌കൂൾ ഫോർ ദി ഡെഫും ഔദ്യോഗികമായി സ്ഥിരീകരിച്ചു.
മേരിലൻഡിലെ ഐജാംസ് വില്ലിൽ നടി സഞ്ചരിച്ചിരുന്ന കാർ റോഡിൽ നിന്ന് നിയന്ത്രണം വിട്ട് കലുങ്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ജീവൻ നഷ്ടപ്പെടുകയായിരുന്നുവെന്നാണ് വിവരങ്ങൾ. അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
2021-ൽ പുറത്തിറങ്ങിയ 'ഗോഡ്‌സില്ല വേഴ്‌സസ് കോങ്', 2024-ലെ 'ഗോഡ്‌സില്ല x കോങ്: ദ ന്യൂ എംപയർ' എന്നീ ഹിറ്റ് ചിത്രങ്ങളിലെ 'ജിയ' എന്ന അനാഥ പെൺകുട്ടിയുടെ കഥാപാത്രത്തിലൂടെയാണ് കയ്‌ലി ഏറെ ശ്രദ്ധ നേടിയത്. കിങ് കോങ്ങുമായി ആംഗ്യഭാഷയിലൂടെ ആശയവിനിമയം നടത്തുന്ന കഥാപാത്രത്തിന് വലിയ പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് മികച്ച യുവതാരത്തിനുള്ള സാറ്റേൺ അവാർഡ് നാമനിർദ്ദേശവും കയ്‌ലിക്ക് ലഭിച്ചിട്ടുണ്ട്.
