ബോക്‌സ് ഓഫീസിൽ 'ഹാഷിർ തരംഗം'; മമ്മൂട്ടിക്കും രജനിക്കും കിട്ടാക്കനിയായ റെക്കോർഡ് സ്വന്തമാക്കി വാഴ 2

  1. Home
  2. Entertainment

ബോക്‌സ് ഓഫീസിൽ 'ഹാഷിർ തരംഗം'; മമ്മൂട്ടിക്കും രജനിക്കും കിട്ടാക്കനിയായ റെക്കോർഡ് സ്വന്തമാക്കി വാഴ 2


വലിയ താരനിരകളില്ലാതെ എത്തിയ 'വാഴ 2' ബോക്‌സ് ഓഫീസിൽ അവിശ്വസനീയമായ കുതിപ്പ് തുടരുന്നു. സോഷ്യൽ മീഡിയ താരങ്ങളായ ഹാഷിർ, അലൻ, വിനായക്, അജിൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം റിലീസ് ചെയ്ത് നാല് ദിവസത്തിനുള്ളിൽ 59.9 കോടി രൂപയാണ് ആഗോളതലത്തിൽ സ്വന്തമാക്കിയത്. മലയാള സിനിമയിൽ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധം പുതുമുഖ താരങ്ങൾ നയിക്കുന്ന ഒരു ചിത്രം ഇത്രയും വലിയ വിജയം നേടുന്നത് ഇതാദ്യമായാണ്.

ചിത്രം കൈവരിച്ച റെക്കോർഡുകളിൽ ഏറ്റവും ശ്രദ്ധേയം കേരളത്തിലെ സിംഗിൾ ഡേ കളക്ഷനാണ്. ഞായറാഴ്ച മാത്രം കേരളത്തിൽ നിന്ന് എട്ട് കോടി രൂപയാണ് ചിത്രം നേടിയത്. ഇതോടെ ഇന്ത്യൻ സിനിമയിലെ മഹാരഥന്മാരായ മോഹൻലാൽ, വിജയ്, രജനികാന്ത് എന്നിവർക്കൊപ്പം എലൈറ്റ് ക്ലബ്ബിൽ ഹാഷിറും ഇടംപിടിച്ചു. കേരളത്തിൽ ഒരു ദിവസം എട്ട് കോടിയിലധികം കളക്ഷൻ നേടുന്ന നാലാമത്തെ താരമാണ് ഹാഷിർ. നേരത്തെ മോഹൻലാലിന്റെ 'എമ്പുരാൻ', വിജയ്‍യുടെ 'ലിയോ', രജനികാന്തിന്റെ 'കൂലി' എന്നീ ചിത്രങ്ങളാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.

എന്നാൽ, റിലീസ് ദിനമല്ലാതെ മറ്റൊരു ദിവസം എട്ട് കോടി നേടുന്നവരുടെ പട്ടികയിൽ ഹാഷിറിനൊപ്പം മോഹൻലാലും വിജയും മാത്രമാണുള്ളത് എന്നത് ഈ വിജയത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നു. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് പോലും ഇതുവരെ ഈ റെക്കോർഡ് സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല എന്നത് കൗതുകകരമായ വസ്തുതയാണ്. നവാഗതനായ സവിൻ സ സംവിധാനം ചെയ്ത ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് വിപിൻ ദാസാണ്. 2024-ൽ പുറത്തിറങ്ങിയ 'വാഴ'യുടെ രണ്ടാം ഭാഗമായ ഈ ചിത്രം 100 കോടി ക്ലബ്ബിലേക്കുള്ള കുതിപ്പിലാണെന്നാണ് സിനിമാ ലോകത്തെ വിലയിരുത്തൽ.