‘തുടക്കം അതിമനോഹരം ആവട്ടെ’; മകൾ വിസ്മയയുടെ അരങ്ങേറ്റ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ച് മോഹൻലാൽ
മകൾ വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രമായ 'തുടക്ക'ത്തിന്റെ പോസ്റ്റർ പങ്കുവെച്ച് നടൻ മോഹൻലാൽ. 'എല്ലാ യാത്രയും ആദ്യ ചുവടിൽ തുടങ്ങുന്നു' എന്ന മുഖവുരയോടെയാണ് വിസ്മയയുടെ കഥാപാത്രത്തെ ഉൾപ്പെടുത്തിയുള്ള പുതിയ പോസ്റ്റർ താരം ആരാധകർക്കായി പുറത്തിറക്കിയത്. ഓഗസ്റ്റ് ഏഴിനാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. പോസ്റ്റർ പുറത്തുവന്നതിന് പിന്നാലെ താരപുത്രിയുടെ പുതിയ ചുവടുവെപ്പ് അതിമനോഹരമാകട്ടെ എന്നാശംസിച്ചുകൊണ്ട് നിരവധി ആരാധകരാണ് രംഗത്തെത്തിയിരിക്കുന്നത്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജൂഡ് ആന്റണി ജോസഫ് ആണ്. വിസ്മയയ്ക്കൊപ്പം നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സായ് കുമാർ, ബോബി കുര്യൻ, ഗണേഷ് കുമാർ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ മോഹൻലാലും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ടെന്നാണ് സൂചന. കുട്ടിക്കാനം, തൊടുപുഴ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം പൂർത്തിയാക്കിയത്.
