‘എന്നിലുള്ള വിശ്വാസം കുറഞ്ഞ സമയത്ത് എന്നെ വിശ്വസിച്ച് ഈ കഥാപാത്രം നൽകി’; പാർവതി തിരുവോത്ത്

  1. Home
  2. Entertainment

‘എന്നിലുള്ള വിശ്വാസം കുറഞ്ഞ സമയത്ത് എന്നെ വിശ്വസിച്ച് ഈ കഥാപാത്രം നൽകി’; പാർവതി തിരുവോത്ത്

parvathy


സിനിമാജീവിതത്തിലെ കടുത്ത പ്രതിസന്ധികളും തിരിച്ചടികളും അതിജീവിച്ച് വീണ്ടും പ്രേക്ഷകരുടെ കൈയടി നേടുകയാണ് നടി പാർവതി തിരുവോത്ത്. ഷഹദ് സംവിധാനം ചെയ്ത 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' എന്ന ചിത്രത്തിന്റെ വിജയാഘോഷ വേദിയിൽ സംസാരിക്കുന്നതിനിടയിലാണ് താരം വികാരാധീനയായത്.

തന്നെ വിശ്വസിച്ച് 'അലീന എബ്രഹാം' എന്ന ശക്തമായ കഥാപാത്രം ഏൽപ്പിച്ച സംവിധായകൻ ഷഹദിനും അണിയറപ്രവർത്തകർക്കും നന്ദി അറിയിക്കവേയാണ് താരത്തിന്റെ വാക്കുകൾ ഇടറിയത്. തന്റെ കരിയറിലെ ഒരു ഘട്ടത്തിൽ പല കാരണങ്ങളാൽ ആത്മവിശ്വാസം നഷ്ടപ്പെട്ടിരുന്നുവെന്നും, അത്തരമൊരു സമയത്താണ് സംവിധായകൻ തന്നിൽ വിശ്വാസമർപ്പിച്ചതെന്നും പാർവതി പറഞ്ഞു. മുൻചിത്രത്തിന് പ്രതീക്ഷിച്ച വിജയം ലഭിക്കാതിരുന്നിട്ടും വ്യത്യസ്തമായൊരു ജോണറിലേക്ക് മാറാനും പുതിയ രീതിയിൽ സിനിമ ഒരുക്കാനും ഷഹദ് തയ്യാറായത് വലിയൊരു റിസ്ക് ആയിരുന്നുവെന്നും അവർ ഓർത്തെടുത്തു.

ചിത്രത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥ എന്നതിലുപരി അലീനയെ ഒരു അമ്മയായും പ്രേക്ഷകർ ഏറ്റെടുത്തത് ഏറെ സന്തോഷം നൽകിയെന്ന് പാർവതി വ്യക്തമാക്കി. ഇരുപത് വർഷത്തെ അഭിനയജീവിതത്തിനിടയിൽ നിരവധി കഥാപാത്രങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും ഈ കഥാപാത്രത്തിന്റെ വൈകാരികത പ്രേക്ഷകർ തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ട്. പ്രസംഗത്തിനൊടുവിൽ തന്റെ മാതാപിതാക്കളെക്കുറിച്ച് സംസാരിച്ചപ്പോഴും താരം വികാരാധീനയായി. താൻ ജോലിയുടെ ഭാഗമായി വിട്ടുനിൽക്കുമ്പോൾ മാതാപിതാക്കൾ നൽകുന്ന പിന്തുണയും അവരുടെ കണ്ണിലെ സന്തോഷവുമാണ് തനിക്ക് ഏറ്റവും വലിയ കരുപ്പെന്നും പാർവതി കൂട്ടിച്ചേർത്തു.