നായിക പൂജ ഹെഗ്ഡെ; വീണ്ടും തെലുങ്ക് ചിത്രവുമായി ദുൽഖർ സൽമാൻ, 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്
മലയാളി പ്രേക്ഷകരുടെ പ്രിയതാരം ദുൽഖർ സൽമാൻ നായകനാകുന്ന പുതിയ തെലുങ്ക് ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. 'ശ്രീ ശ്രീ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടാഗ്‌ലൈൻ 'ലവ് വിൽ സ്പാർക് എഗെയ്ൻ' എന്നാണ്. നവാഗതനായ രവി നെലകുടിറ്റി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം ഒരു ഫീൽ ഗുഡ് പ്രണയകഥയായാണ് ഒരുങ്ങുന്നത്.
ദുൽഖർ സൽമാന്റെ കരിയറിലെ 41-ാമത്തെ ചിത്രമാണിത്. പ്രമുഖ തെന്നിന്ത്യൻ നായിക പൂജ ഹെഗ്ഡെയാണ് ചിത്രത്തിൽ ദുൽഖറിന്റെ നായികയായെത്തുന്നത്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സ്കൂൾ യൂണിഫോമിലിരിക്കുന്ന ദുൽഖറിനെയും പൂജയെയുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണിച്ചിരിക്കുന്നത്. ദീക്ഷിത് ഷെട്ടിയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. എസ്.എൽ.വി സിനിമാസിന്റെ (SLV Cinemas) ബാനറിൽ സുധാകർ ചെറുകുരി നിർമ്മിക്കുന്ന പത്താമത്തെ ചിത്രമാണിത്. വലിയ ബജറ്റിൽ, ഉയർന്ന സാങ്കേതിക നിലവാരത്തോടെ ഒരുക്കുന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ ചിത്രീകരണം നിലവിൽ പുരോഗമിക്കുകയാണ്. ജി.വി. പ്രകാശ് കുമാർ സംഗീതവും അനയ് ഓം ഗോസ്വാമി ഛായാഗ്രഹണവും നിർവ്വഹിക്കുന്നു.
ദുൽഖർ സൽമാൻ നായകനാകുന്ന അഞ്ചാമത്തെ തെലുങ്ക് ചിത്രമാണിത്. ഇതുകൂടാതെ ബിഗ് ബജറ്റ് മലയാളം ആക്ഷൻ ത്രില്ലർ ചിത്രം 'ഐ ആം ഗെയിം', പവൻ സാദിനേനി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം 'ആകാശം ലോ ഓക താര' എന്നിവയാണ് ദുൽഖറിന്റേതായി വരാനിരിക്കുന്ന മറ്റ് പ്രധാന റിലീസുകൾ.
