'കാലില്‍ വീണ് മാപ്പ് ചോദിക്കാം'; തമന്നയ്‌ക്കെതിരായ അശ്ലീല പരാമര്‍ശത്തില്‍ വിശദീകരണവുമായി അന്നു കപൂര്‍
നടി തമന്ന ഭാട്ടിയക്കെതിരെ നടത്തിയ അശ്ലീല പരാമര്‍ശത്തില്‍ വിശദീകരണവുമായി മുതിര്‍ന്ന ബോളിവുഡ് നടന്‍ അന്നു കപൂര്‍. കഴിഞ്ഞ വര്‍ഷം ഒരു അഭിമുഖത്തിനിടെ തമന്നയുടെ 'ആജ് കി രാത്ത്' എന്ന പാട്ടിനെക്കുറിച്ച് സംസാരിക്കവെ നടത്തിയ പരാമര്‍ശമാണ് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. താന്‍ ദുരുദ്ദേശത്തോടെയല്ല അത് പറഞ്ഞതെന്നും വേണമെങ്കില്‍ തമന്നയുടെ കാലില്‍ വീണ് മാപ്പ് ചോദിക്കാന്‍ തയ്യാറാണെന്നും താരം വ്യക്തമാക്കി.
വിവാദത്തിന് പിന്നിലെ സാഹചര്യം അന്നു കപൂര്‍ വിവരിക്കുന്നത് ഇങ്ങനെയാണ്: അമേരിക്കയിലെ ഒരു ഷോയ്ക്കിടെ മത്സരാര്‍ത്ഥികള്‍ക്കായി നല്ലൊരു പാട്ട് ഇടാന്‍ പറഞ്ഞപ്പോള്‍ അവര്‍ 'ആജ് കി രാത്ത്' എന്ന ഗാനം തിരഞ്ഞെടുത്തു. വീഡിയോ കണ്ടപ്പോള്‍ തമന്ന മികച്ച രീതിയില്‍ ഡാന്‍സ് ചെയ്യുന്നതായി തോന്നി. തമന്നയുടെ നിറത്തെക്കുറിച്ച് താന്‍ പറഞ്ഞ വാചകങ്ങളാണ് പലരെയും ചൊടിപ്പിച്ചത്.
''ചിലര്‍ എന്നെ ഇതിന്റെ പേരില്‍ അസഭ്യം പറഞ്ഞു. ഇംഗ്ലീഷില്‍ 'മില്‍ക്കി ബ്യൂട്ടി' എന്ന് വിളിക്കുന്നത് ആര്‍ക്കും പ്രശ്‌നമില്ല, എന്നാല്‍ ഹിന്ദിയില്‍ പറഞ്ഞാല്‍ അത് വലിയ തെറ്റായി മാറുന്നു. സ്വന്തം ഭാഷയിലാണ് പലര്‍ക്കും പ്രശ്നം. തമന്നയ്ക്ക് എന്റെ മക്കളുടെ പ്രായമേയുള്ളൂ. അവരോട് നേരിട്ട് സംസാരിക്കുകയാണെങ്കില്‍ ഞാന്‍ പറഞ്ഞത് സമ്മതിക്കും. അവര്‍ക്ക് വിഷമമായെങ്കില്‍ കാലില്‍ വീഴാം. ഒരു 71-കാരന്‍ കാലില്‍ വീണാല്‍ അവര്‍ എന്ത് പറയും?'' - അന്നു കപൂര്‍ ചോദിച്ചു.
ശുഭാങ്കര്‍ മിശ്രയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു തമന്നയുടെ ശരീരത്തെക്കുറിച്ച് അദ്ദേഹം വിവാദമായ പരാമര്‍ശം നടത്തിയത്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.
