സിഐഡി മൂസ രണ്ടാം ഭാഗം ഉണ്ടാകുമോ അറിയില്ല: ജോണി ആന്റണി
മലയാളത്തിലെ കോമഡി ഹിറ്റുകളിലൊന്നായിരുന്നു ജനപ്രിയനായകന്‍ ദിലീപിന്റെ സിഐഡി മൂസ. ജോണി ആന്റണി ആയിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. ഉദയ്കൃഷ്ണ-സിബി കെ. തോമസ് കൂട്ടുകെട്ടിന്റെയായിരുന്നു തിരക്കഥ. കുറച്ചുകാലമായി സിഐഡി മൂസയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് ചര്‍ച്ച നടക്കുന്നു. അതേക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകനും നടനുമായ ജോണി ആന്റണി.
സിഐടി മൂസ എന്ന പേര് ഉണ്ടായതു വലിയൊരു കഥയാണ്. പണ്ടു മുതലേ ദിലീപും ഞാനും സംസാരിക്കുമ്പോള്‍ ഈ കഥാപാത്രത്തെ കുറിച്ച് പറയാറുണ്ട്. സിഐടി മൂസ എന്ന വീരസാഹസികനായ കുറ്റാന്വേഷകന്‍ ഉണ്ടായിരുന്നു. അതിനാല്‍ ആ പേര് സിനിമയില്‍ എവിടെയെങ്കിലും ഉള്‍പ്പെടുത്തണമെന്ന് ഞങ്ങള്‍ക്ക് ആഗ്രഹം ഉണ്ടായിരുന്നു.
അങ്ങനെ ഈ കഥ പറഞ്ഞപ്പോള്‍ ദീലീപാണ് പറഞ്ഞത് സിഐടി മൂസ എന്ന പേര് കൊടുക്കാമെന്ന്. അതിന് മൂലംകുഴിയില്‍ സഹദേവന്‍ എന്ന പൂര്‍ണ രൂപവും ഉണ്ടായി. ഇതിനൊരു രണ്ടാം ഭാഗം ഉണ്ടാവണം എന്ന ആഗ്രഹമുണ്ട്. എന്നാല്‍ ആദ്യ ഭാഗത്തിന്റെ കഥ എഴുതിയ ഉദയ കൃഷ്ണയും സിബി കെ. തോമസും ഇപ്പോള്‍ രണ്ടായിട്ടാണ് എഴുതുന്നത്. പിന്നെ ഞാന്‍ ഇപ്പോള്‍ അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. അതിനാല്‍ സംവിധാനത്തിലേക്ക് പെട്ടെന്നൊരു ചുവടുമാറ്റം പ്രയാസമാണ്. എന്നെങ്കിലും സിഐഡി മൂസയുടെ രണ്ടാം ഭാഗം സംഭവിക്കുമെന്നാണ് എന്റെ പ്രതീക്ഷ- ജോണി ആന്റണി പറഞ്ഞു.