'അത്ഭുതമോ ഷോക്കോ തോന്നുന്നില്ല'; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് പാർവതി തിരുവോത്ത്
യുവനടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തിൽ രൂക്ഷമായ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്. രഞ്ജിത്തിന്റെ അറസ്റ്റ് തന്നെ ഒട്ടും അത്ഭുതപ്പെടുത്തുന്നില്ലെന്നും ഇത്തരക്കാർ ശിക്ഷിക്കപ്പെടാത്തതാണ് കുറ്റകൃത്യങ്ങൾ ആവർത്തിക്കാൻ കാരണമാകുന്നതെന്നും പാർവതി പറഞ്ഞു. ന്യൂസ് 18-ന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ നിലപാടുകൾ വ്യക്തമാക്കിയത്.
"മുൻപ് ചെയ്ത തെറ്റുകൾക്ക് അർഹമായ ശിക്ഷ ലഭിക്കാത്തവരാണ് ഇവർ. അതുകൊണ്ട് തന്നെ ഇത്തരമൊരു വാർത്തയിൽ എനിക്ക് ഷോക്ക് തോന്നുന്നില്ല. ശരിക്കും ഞാൻ മടുത്തുപോയി. നമുക്ക് ജീവിക്കണം, ജോലി ചെയ്യണം, ഇതിനിടയിൽ നിരന്തരം ഇത്തരം കാര്യങ്ങളെക്കുറിച്ച് സംസാരിക്കേണ്ടി വരുന്നത് വലിയ തളർച്ചയുണ്ടാക്കുന്നു," കരീന കപൂറിന്റെ പ്രശസ്തമായ 'ഞാൻ മടുത്തു' (Thak gayi mein) എന്ന വാചകം ഉദ്ധരിച്ചുകൊണ്ട് പാർവതി പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് നാലര വർഷത്തോളം മൂടിവെച്ചതാണ് കുറ്റവാളികൾക്ക് നിയമത്തോടുള്ള ഭയം ഇല്ലാതാക്കിയതെന്ന് പാർവതി വിമർശിച്ചു. പരാതി നൽകാൻ സ്ത്രീകൾ വൈകുന്നത് എന്തുകൊണ്ടാണെന്ന് ചോദിക്കുന്നവർ യാഥാർത്ഥ്യം മനസ്സിലാക്കുന്നില്ല. പരാതി നൽകുന്ന നിമിഷം സ്ത്രീകൾക്ക് തൊഴിലിടങ്ങളിൽ നിന്ന് പുറത്തുപോകേണ്ടി വരുന്നുണ്ടെന്നും സാമ്പത്തിക ഭദ്രതയില്ലാത്തവർക്ക് ഇത് താങ്ങാനാവില്ലെന്നും താരം ഓർമ്മിപ്പിച്ചു. സിനിമാ സെറ്റുകളിൽ ഐ.സി.സി (Internal Complaint Committee) നിർബന്ധമാക്കാൻ ഡബ്ല്യു.സി.സി വലിയ പോരാട്ടം നടത്തിയതായും പാർവതി കൂട്ടിച്ചേർത്തു.
ഫോർട്ട് കൊച്ചിയിൽ സിനിമ ഷൂട്ടിങ്ങിനിടെ കാരവനിൽ വെച്ച് യുവനടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ തൊടുപുഴയിൽ വെച്ചാണ് രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെത്തുടർന്ന് ഫെഫ്ക അദ്ദേഹത്തെ സംഘടനയിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. 2009-ൽ ബംഗാളി നടിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ നേരത്തെ കേസെടുത്തിരുന്നെങ്കിലും കാലതാമസം ചൂണ്ടിക്കാട്ടി 2025-ൽ കോടതി ഈ നടപടികൾ റദ്ദാക്കിയിരുന്നു.
