'എനിക്ക് പ്രത്യേകിച്ച് പ്രൊപ്പഗണ്ട ഒന്നുമില്ല'; പ്രധാനമന്ത്രിക്കൊപ്പം പൊങ്കൽ ആഘോഷിച്ച് ശിവകാർത്തികേയൻ

  1. Home
  2. Entertainment

'എനിക്ക് പ്രത്യേകിച്ച് പ്രൊപ്പഗണ്ട ഒന്നുമില്ല'; പ്രധാനമന്ത്രിക്കൊപ്പം പൊങ്കൽ ആഘോഷിച്ച് ശിവകാർത്തികേയൻ

sivakarthikeyan


തമിഴ് താരം ശിവകാർത്തികേയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിൽ കേന്ദ്രമന്ത്രി എൽ. മുരുകന്റെ വസതിയിൽ സംഘടിപ്പിച്ച പൊങ്കൽ ആഘോഷത്തിൽ പങ്കെടുക്കവേയാണ് ഈ കൂടിക്കാഴ്ച നടന്നത്. ശിവകാർത്തികേയനൊപ്പം അദ്ദേഹത്തിന്റെ കുടുംബവും നടൻ രവി മോഹനും (ജയം രവി) ഈ ചടങ്ങിൽ പങ്കെടുത്തു.

നിലവിൽ തന്റെ പുതിയ ചിത്രമായ 'പരാശക്തി'യുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങൾക്കിടെയാണ് ശിവകാർത്തികേയൻ പ്രധാനമന്ത്രിയെ കണ്ടത്. 1960-കളിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തെ ആസ്പദമാക്കി സുധ കൊങ്ങര സംവിധാനം ചെയ്ത ഈ ചിത്രത്തിനെതിരെ തമിഴ്നാട് യൂത്ത് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ചരിത്രവസ്തുതകൾ വളച്ചൊടിച്ചുവെന്നും കോൺഗ്രസ് നേതാക്കളെ മോശമായി ചിത്രീകരിച്ചുവെന്നും ആരോപിച്ച് ചിത്രം നിരോധിക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം.

എന്നാൽ, തനിക്ക് പ്രത്യേക രാഷ്ട്രീയ പ്രൊപ്പഗണ്ടകളൊന്നുമില്ലെന്ന് ശിവകാർത്തികേയൻ മാധ്യമങ്ങളോട് പ്രതികരിച്ചു. "ആളുകൾ സിനിമ മുഴുവനായി കണ്ടാൽ ഇതിന്റെ ഉദ്ദേശശുദ്ധി മനസ്സിലാകും. നമുക്കിടയിൽ പോസിറ്റിവിറ്റി പടരട്ടെ, ഒരു വിവാദവുമില്ല" എന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയെ ആദ്യമായാണ് കാണുന്നതെന്നും അദ്ദേഹത്തിനൊപ്പം പൊങ്കൽ ആഘോഷിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, നടൻ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് താൻ വ്യക്തിപരമായും അല്ലാതെയും ആശംസകൾ നേർന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.