‘ഇന്നല്ലെങ്കിൽ പിന്നെ എന്ന്..’- മമ്മൂട്ടിക്കൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവെച്ച് രമേഷ് പിഷാരടി
എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര തിളക്കത്തിൽ നിൽക്കുന്ന മെഗാസ്റ്റാർ മമ്മൂട്ടിക്ക് ആശംസ നേർന്ന് എംഎൽഎയും നടനും സംവിധായകനുമായ രമേഷ് പിഷാരടി. മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ അവാർഡ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, അദ്ദേഹത്തോടൊപ്പമുള്ള മനോഹരമായ ഒരു വീഡിയോ പങ്കുവെച്ചാണ് പിഷാരടി തന്റെ സന്തോഷം അറിയിച്ചത്.
"ഇന്നല്ലെങ്കിൽ പിന്നെ എന്ന്.. ഗ്യാലറിയിൽ ഇതിങ്ങനെ പോസ്റ്റ് ചെയ്യാതെ സൂക്ഷിച്ചു വെച്ചിരിക്കുകയായിരുന്നു..." എന്ന രസകരമായ അടിക്കുറിപ്പോടെയാണ് പിഷാരടി ഫേസ്ബുക്കിൽ വീഡിയോ പങ്കുവെച്ചത്. തന്നെ ചേർത്തുനിർത്തി കവിളിൽ മമ്മൂട്ടി സ്നേഹത്തോടെ മുത്തം കൊടുക്കുന്നതാണ് വീഡിയോയിലുള്ളത്. താരരാജാവുമായുള്ള തന്റെ ആഴത്തിലുള്ള സൗഹൃദം വെളിപ്പെടുത്തുന്ന വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
'ഭ്രമയുഗം' എന്ന ചിത്രത്തിലെ കൊടുങ്കാറ്റ് പോലുള്ള പ്രകടനത്തിനാണ് മമ്മൂട്ടിയെ തേടി നാലാമതും മികച്ച നടനുള്ള ദേശീയ പുരസ്‌കാരം എത്തിയത്. ബോളിവുഡ് താരം കാർത്തിക് ആര്യനൊപ്പമാണ് മമ്മൂട്ടി ഇത്തവണ പുരസ്കാരം പങ്കിട്ടത്. ഈ കഥാപാത്രത്തിലൂടെ നേരത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും മമ്മൂട്ടി സ്വന്തമാക്കിയിരുന്നു. 1990-ൽ മതിലുകൾ, ഒരു വടക്കൻ വീരഗാഥ എന്നീ ചിത്രങ്ങളിലൂടെയാണ് മമ്മൂട്ടി ആദ്യമായി മികച്ച നടനുള്ള ദേശീയ അവാർഡ് നേടുന്നത്. പിന്നീട് 1994-ൽ പൊന്തൻമാട, വിധേയൻ എന്നീ ചിത്രങ്ങൾക്കും, 1999-ൽ ഡോ. ബാബാസാഹെബ് അംബേദ്കർ എന്ന ചിത്രത്തിനും മമ്മൂട്ടിക്ക് ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.
മമ്മൂട്ടിയുടെ പുരസ്കാര നേട്ടത്തിനൊപ്പം ഭ്രമയുഗത്തിന്റെ ദൃശ്യമികവൊരുക്കിയ ഷെഹ്നാദ് ജലാലിന് മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം പൂർണ്ണമായും ബ്ലാക്ക് ആൻഡ് വൈറ്റിലാണ് തിയേറ്ററുകളിൽ എത്തി സൂപ്പർഹിറ്റായി മാറിയത്. അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമാൽഡ ലിസ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്.
