‘പ്രേതത്തെ പേടിയില്ലെങ്കിൽ പിന്നെന്താ പോലീസുകാർ ആ ഫയലിനെ പേടിക്കുന്നേ'; കുഞ്ചാക്കോ ബോബൻ - ലിജോമോൾ ചിത്രം 'ഉന്മാദം' ട്രെയിലർ പുറത്ത്

  1. Home
  2. Entertainment

‘പ്രേതത്തെ പേടിയില്ലെങ്കിൽ പിന്നെന്താ പോലീസുകാർ ആ ഫയലിനെ പേടിക്കുന്നേ'; കുഞ്ചാക്കോ ബോബൻ - ലിജോമോൾ ചിത്രം 'ഉന്മാദം' ട്രെയിലർ പുറത്ത്

UNMADAM


കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും ആദ്യമായി ഒന്നിക്കുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം 'ഉന്മാദം' ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങി. പനോരമ സ്റ്റുഡിയോസിന്റെ മലയാളത്തിലെ മൂന്നാം നിർമ്മാണ സംരംഭമായ ഈ ചിത്രം, മലയാളത്തിലെ പ്രമുഖ എഡിറ്റർമാരിൽ ഒരാളായ കിരൺ ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയോടെയാണ് എത്തുന്നത്. വൻ ആകാംക്ഷ ഉണർത്തുന്ന ചിത്രം ജൂലൈ 31-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. തീർത്തും വേറിട്ട പശ്ചാത്തലത്തിലുള്ള ഒരു പോലീസ് കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ ഇതിൽ അവതരിപ്പിക്കുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന.

ഒരു പോലീസ് സ്റ്റേഷനിൽ വർഷങ്ങളായി കെട്ടിക്കിടക്കുന്ന, അന്ധവിശ്വാസങ്ങളുമായി ബന്ധപ്പെട്ടതും തൊട്ടാൽ പ്രശ്നമാകുന്നതുമായ ഒരു നിഗൂഢ ഫയലിന് പിന്നാലെ നായക കഥാപാത്രം സഞ്ചരിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. ഇതിനെ തുടർന്നുണ്ടാകുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളാണ് ചിത്രം ചർച്ച ചെയ്യുന്നത്. കരിയറിലെ തന്നെ മികച്ച അഭിനയ മുഹൂർത്തങ്ങളുമായി കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ പ്രേക്ഷകരെ ഞെട്ടിക്കുമെന്ന സൂചനയാണ് അണിയറപ്രവർത്തകർ നൽകുന്നത്. 'ഓഫീസർ ഓൺ ഡ്യൂട്ടി'ക്ക് ശേഷം ദേശീയ പുരസ്‌കാര ജേതാവായ ഷാഹി കബീർ കുഞ്ചാക്കോ ബോബനുമായി വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

സിദ്ദിഖ്, സുധീഷ്, വിശാഖ് നായർ, സാബുമോൻ, കോട്ടയം നസീർ, ജിജോയ് രാജഗോപാൽ, ഗോകുലൻ, അരുൺ ചെറുകാവിൽ, ഉണ്ണി ലാലു, ഷാജു ശ്രീധർ, കൃഷ്ണപ്രഭ തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 'ഇഷ്‌ക്' എന്ന ചിത്രത്തിലൂടെ മികച്ച എഡിറ്റർക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് കരസ്ഥമാക്കിയ കിരൺ ദാസ്, തൊണ്ടിമുതലും ദൃക്സാക്ഷിയും, ജോജി, മൂത്തോൻ, രോമാഞ്ചം, റോഷാക്ക്, ജോസഫ്, ഇലവീഴാ പൂഞ്ചിറ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ എഡിറ്ററാണ്. ഈ ചിത്രത്തിന്റെ എഡിറ്റിങ്ങും കിരൺ തന്നെയാണ് നിർവ്വഹിക്കുന്നത്.

ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി-സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന 'ഉന്മാദം' നിർമ്മിക്കുന്നത് കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർ ചേർന്നാണ്. റാം മിർച്ചന്ദാനി, രാജേഷ് മേനോൻ എന്നിവർ സഹനിർമ്മാതാക്കളാണ്. അർജുൻ സേതു ഛായാഗ്രഹണവും മുജീബ് മജീദ് സംഗീതസംവിധാനവും നിർവ്വഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈനർ: ദിലീപ് നാഥ്, മേക്കപ്പ്: റോണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ: ജിതിൻ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, പിആർഒ: ആതിര ദിൽജിത്ത്.