'നടിയാണെങ്കില്‍ പെട്ടെന്ന് ഗര്‍ഭം ധരിക്കാന്‍ സാധിച്ചെന്ന് വരില്ല, ഒരു നിയന്ത്രണം ഉണ്ട്': ഹേമമാലിനി

ബോളിവുഡിന്റെ സൗന്ദര്യറാണിയാണ് ഹേമമാലിനി. നടി, എഴുത്തുകാരി, സംവിധായിക, നിര്‍മാതാവ്, നര്‍ത്തകി, രാഷ്ട്രീയപ്രവര്‍ത്തക എന്നീ നിലകളിലെല്ലാം തരം പ്രശസ്തയാണ്. തമിഴ് ബ്രാഹ്മണകുടുംബത്തില്‍ 1948ലാണ് ഹേമമാലിനി ജനിച്ചത്. 1961 ല്‍ ഇതു സത്തിയം എന്ന തമിഴ് സിനിമയിലൂടെ അവര്‍ ചലച്ചിത്ര ലോകത്ത് പ്രവേശിച്ചു. സപ്‌നോ കാ സൗദാഗര്‍ (1968) എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഹേമ മാലിനി പിന്നീട് വെള്ളിത്തിരയില്‍ നായികാവസന്തമാകുകയായിരുന്നു.
1970കളില്‍ ബോളിവുഡിലെ സുപ്രധാന താരമായിരുന്നു ഹേമമാലിനി. അവരുടെ ഡേറ്റിനു വേണ്ടി നിര്‍മാതാക്കളും സംവിധായകരും ക്യൂ നിന്നിരുന്ന കാലമുണ്ടായിരുന്നു. ധര്‍മേന്ദ്രയും അമിതാഭ് ബച്ചനും കേന്ദ്രകഥാപാത്രങ്ങളായ ഷോലെ എന്ന സിനിമ വന്‍ വിജയമായതിനെത്തുടര്‍ന്ന് നായികയായ ഹേമമാലിനിയുടെ കരിയറിലും വഴിത്തിരിവായി ആ ചിത്രം. തന്റെ മിക്ക ചിത്രങ്ങളിലും ഭാവി ഭര്‍ത്താവായ ധര്‍മേന്ദ്രയ്ക്കൊപ്പവും അക്കാലത്തെ പ്രശസ്ത താരങ്ങളായിരുന്ന രാജേഷ് ഖന്ന, ദേവാനന്ദ് എന്നിവരോടൊപ്പവുമാണ് അവര്‍ അഭിനയിച്ചത്.
വിവാഹം കഴിഞ്ഞെങ്കിലും താനൊരിക്കലും അഭിനയം നിര്‍ത്തിയിട്ടില്ലെന്ന് താരം തുറന്നുപറയുന്നു. താരത്തിന്റെ വാക്കുകള്‍..
ധര്‍മന്ദ്രയുമായി വിവാഹം കഴിഞ്ഞെങ്കിലും ഞാനൊരിക്കലും അഭിനയം നിര്‍ത്തിയിട്ടില്ല. ഭാര്യ കഴിവുള്ളവള്‍ ആണെന്നും ആളുകള്‍ അവളെ കാണാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഓരോ ഭര്‍ത്താക്കന്മാരുമാണ് മനസിലാക്കേണ്ടത്. ഇനി ഭാര്യയെന്ന നിലയില്‍ സ്ത്രീകള്‍ക്കും അല്‍പ്പം ത്യാഗം സഹിക്കേണ്ടി വന്നേക്കാം. ഇങ്ങനെ സിനിമയില്‍ നില്‍ക്കുന്ന സ്ത്രീകളാണെങ്കില്‍ അവര്‍ക്ക് പെട്ടെന്ന് ഒരു കുഞ്ഞിന് ജന്മം കൊടുക്കാന്‍ സാധിച്ചെന്ന് വരില്ല. അവള്‍ക്കവിടെ ഒരു നിയന്ത്രണം ഉണ്ട്. ആ സമയത്ത് അഭിനയിക്കാനുള്ള പ്രായമാണെങ്കില്‍ അതിനു പോകുക.