IFFK തിരുവനന്തപുരത്ത് തന്നെ നടക്കും, കൊച്ചിയിലേക്ക് മാറ്റുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതം: പി.സി. വിഷ്ണുനാഥ്

  1. Home
  2. Entertainment

IFFK തിരുവനന്തപുരത്ത് തന്നെ നടക്കും, കൊച്ചിയിലേക്ക് മാറ്റുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതം: പി.സി. വിഷ്ണുനാഥ്

IFFK


കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം (IFFK) തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് മാറ്റുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് സാംസ്‌കാരിക-സിനിമാ വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്. ഐ.എഫ്.എഫ്.കെ ഈ വർഷം ഡിസംബറിലും പതിവുപോലെ തിരുവനന്തപുരത്ത് വെച്ച് തന്നെ നടക്കുമെന്നും മേളയുടെ വേദി മാറില്ലെന്നും അദ്ദേഹം അടിവരയിട്ട് വ്യക്തമാക്കി. മുഖ്യമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള 'ഫിലിം സിറ്റി' മാത്രമാണ് കൊച്ചിയിൽ സ്ഥാപിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ഐ.എഫ്.എഫ്.കെ കൊച്ചിയിലേക്ക് മാറ്റുകയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിലടക്കം വലിയ രീതിയിലുള്ള ചർച്ചകളും പ്രതിഷേധങ്ങളും ഉയർന്നിരുന്നു. ഇതിനോട് പ്രതികരിക്കവെയാണ് മന്ത്രി കാര്യങ്ങൾ വ്യക്തമാക്കിയത്. മുഖ്യമന്ത്രി പ്രഖ്യാപിച്ച 'ജെ.സി. ഡാനിയേൽ ഇന്റർനാഷണൽ ഫിലിം സിറ്റി' കൊച്ചിയിലാണ് വരാൻ പോകുന്നത്. ഇന്ത്യയിൽ തന്നെ മാതൃകയാകുന്ന ഈ ഫിലിം സിറ്റിയിൽ മലയാള സിനിമകൾക്കും മറ്റ് ഭാഷാ ചിത്രങ്ങൾക്കും ഒരുപോലെ ഷൂട്ടിങ്ങിനും പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്കുമുള്ള അത്യാധുനിക സൗകര്യങ്ങൾ ഉണ്ടായിരിക്കും.

സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിക്കണമെന്ന ചലച്ചിത്ര സംഘടനകളുടെ കാലങ്ങളായുള്ള ആവശ്യം ഈ സർക്കാർ അംഗീകരിച്ചിട്ടുണ്ടെന്നും, സിനിമയുടെ വളർച്ചയ്ക്കായി വലിയ പദ്ധതികളാണ് ആവിഷ്കരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഐ.എഫ്.എഫ്.കെ തിരുവനന്തപുരത്തും പുതിയ ഫിലിം സിറ്റി കൊച്ചിയിലുമായി നിലനിർത്തിക്കൊണ്ട് ചലച്ചിത്ര മേഖലയ്ക്ക് വലിയ പിന്തുണയാണ് സർക്കാർ നൽകുന്നതെന്നും പി.സി. വിഷ്ണുനാഥ് കൂട്ടിച്ചേർത്തു. കൊച്ചിയിൽ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് സ്ഥിരം വേദിയൊരുക്കുമെന്ന ബജറ്റിലെ പ്രഖ്യാപനമാണ് ഐ.എഫ്.എഫ്.കെ വേദി മാറ്റുന്നുവെന്ന വ്യാജ പ്രചാരണങ്ങൾക്ക് കാരണമായത്.