"തീവണ്ടിയിൽ ഞാനല്ല"; ഉർവശിയെ തിരുത്തി ഐശ്വര്യ ലക്ഷ്മി, വേദിയിൽ ചിരിമഴ
ഉർവശിയും ജോജു ജോർജും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന 'ആശ' എന്ന ചിത്രത്തിന്റെ പ്രൊമോഷൻ വേദിയിൽ നടി ഐശ്വര്യ ലക്ഷ്മിയും ഉർവശിയും തമ്മിലുള്ള രസകരമായ സംഭാഷണം ആരാധകർ ഏറ്റെടുക്കുന്നു. തനിക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് ഐശ്വര്യ ലക്ഷ്മിയെന്ന് വിശേഷിപ്പിക്കുന്നതിനിടയിലാണ് ഉർവശിക്ക് അബദ്ധം പറ്റിയത്.
ഐശ്വര്യയുടെ 'മായാനദി', 'തീവണ്ടി' തുടങ്ങിയ സിനിമകൾ താൻ കണ്ടിട്ടുണ്ടെന്ന് ഉർവശി പറഞ്ഞതോടെയാണ്, "തീവണ്ടിയിൽ ഞാനല്ല" എന്ന് ചിരിച്ചുകൊണ്ട് ഐശ്വര്യ തിരുത്തിയത്. ഉടൻ തന്നെ "ടൊവിനോയെ കാണുമ്പോഴുള്ള ഓർമ്മയിലാണ് അങ്ങനെ പറഞ്ഞത്" എന്ന് ഉർവശി മറുപടി നൽകി. 'കാണെക്കാണെ' എന്ന ചിത്രത്തിലാണ് താൻ ടൊവിനോയ്ക്കൊപ്പം അഭിനയിച്ചതെന്ന് ഐശ്വര്യ ഓർമ്മിപ്പിക്കുകയും ചെയ്തു.
തുടർന്ന് ഐശ്വര്യ അഭിനയിച്ച 'പൊന്നിയിൻ സെൽവൻ', 'ഗാട്ട കുസ്തി' എന്നീ സിനിമകളും കണ്ടിട്ടുണ്ടെന്ന് ഉർവശി പറഞ്ഞു. 'ഗാട്ട കുസ്തി' കണ്ടതോടെ ഐശ്വര്യയോട് ചെറിയൊരു പേടി തോന്നിയെന്നും, ഒപ്പം അഭിനയിക്കുമ്പോൾ സ്വന്തം ആരോഗ്യം നോക്കണമല്ലോ എന്നും ഉർവശി തമാശയായി കൂട്ടിച്ചേർത്തു. നല്ലൊരു കൂട്ടുനടന്മാരുടെ (കോമ്പിനേഷൻ) പിന്തുണയില്ലാതെ തനിക്ക് മാത്രം നന്നായി അഭിനയിക്കാൻ കഴിയില്ലെന്നും, 'അച്ചുവിന്റെ അമ്മ'യിൽ മീര ജാസ്മിൻ മികച്ച പ്രകടനം പുറത്തെടുത്തതുകൊണ്ടാണ് ആ സിനിമ വിജയമായതെന്നും ഉർവശി വ്യക്തമാക്കി.
