ഓസ്‌കാർ നിശയ്ക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണ ഭീഷണി; റെഡ് കാർപ്പറ്റിൽ കനത്ത സുരക്ഷ
ലോക സിനിമയിലെ ഏറ്റവും വലിയ പുരസ്കാര മാമാങ്കമായ ഓസ്‌കാർ ചടങ്ങുകൾക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണ ഭീഷണിയുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്ന് സുരക്ഷ ശക്തമാക്കി. മാർച്ച് 15-ന് ലോസ് ആഞ്ചലിസിലെ ഡോൾബി തിയേറ്ററിൽ നടക്കാനിരിക്കുന്ന 98-ാമത് ഓസ്‌കാർ അവാർഡ് നിശയെ ലക്ഷ്യംവെച്ച് യുഎസ് വെസ്റ്റ് കോസ്റ്റ് മേഖലയിൽ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് എഫ്ബിഐ (FBI) മുന്നറിയിപ്പ് നൽകി. എബിസി ന്യൂസാണ് ഈ സുരക്ഷാ ഭീഷണി സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.
ഭീഷണിയുടെ പശ്ചാത്തലത്തിൽ ലോസ് ആഞ്ചലിസ് കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്‌മെന്റും എൽഎപിഡിയും (LAPD) അതീവ ജാഗ്രതയിലാണ്. ചടങ്ങിനെത്തുന്ന വിശിഷ്ട അതിഥികളുടെയും കാണികളുടെയും സുരക്ഷയ്ക്കായി ലോകത്തിലെ തന്നെ മികച്ച സുരക്ഷാ ഏജൻസികളെയാണ് വിന്യസിച്ചിരിക്കുന്നതെന്ന് ഓസ്‌കാർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രാജ് കപൂർ അറിയിച്ചു. റെഡ് കാർപ്പറ്റ് പരിപാടികൾ ഉൾപ്പെടെയുള്ളവ കർശനമായ സുരക്ഷാ വലയത്തിലായിരിക്കും നടക്കുക.
ആഘോഷങ്ങളുടെ മാറ്റുകുറയാതെ തന്നെ ചടങ്ങ് സുരക്ഷിതമായി പൂർത്തിയാക്കാനാണ് സംഘാടകരുടെ നീക്കം. കോനൻ ഒബ്രിയൻ അവതാരകനായി എത്തുന്ന ഇത്തവണത്തെ പുരസ്കാര നിശയിൽ 16 നാമനിർദ്ദേശങ്ങളുമായി 'സിന്നേഴ്സ്' (Sinners) ആണ് മുന്നിലുള്ളത്. 13 നാമനിർദ്ദേശങ്ങളുമായി 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ' തൊട്ടുപിന്നാലെയുണ്ട്. പ്രിയങ്ക ചോപ്ര, റോബർട്ട് ഡൗണി ജൂനിയർ, ക്രിസ് ഇവാൻസ് തുടങ്ങിയ വൻ താരനിര അവാർഡുകൾ വിതരണം ചെയ്യാനായി വേദിയിലെത്തുന്നുണ്ട്. ഇന്ത്യൻ സമയം മാർച്ച് 16-ന് പുലർച്ചെ ജിയോ ഹോട്ട്സ്റ്റാർ വഴി ചടങ്ങുകൾ തത്സമയം കാണാം.
