അത് ചിന്തിക്കാൻ പറ്റുന്ന ഒന്നായിരുന്നില്ല; ഭാര്യയും മക്കളും തന്ന കോൺഫിഡൻസിലാണ് ആ വേഷം ചെയ്തത്: ജഗദീഷ് പറയുന്നു

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജഗദീഷ്. സിനിമയ്ക്ക് പുറത്ത് നല്ലൊരു അധ്യാപകനും കൂടിയാണ് അദ്ദേഹം. ഇടയ്ക്ക് രാഷ്ട്രീയത്തിലും ഒരു കൈ നോക്കിയിരുന്നു. കോമഡി വേഷങ്ങളിലൂടെയാണ് ജഗദീഷ് കരിയർ ആരംഭിക്കുന്നതും താരമാകുന്നതും. പിന്നീട് നായകനായും വില്ലനായുമെല്ലാം അദ്ദേഹം തിളങ്ങി. ഇടക്കാലത്ത് സിനിമകളിൽ നിന്നും വിട്ടുനിന്ന ജഗദീഷ് ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ്. ശക്തമായ ക്യാരക്ടർ വേഷങ്ങളിലൂടെയാണ് നടൻ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. വില്ലൻ വേഷങ്ങളും നടൻ സ്വീകരിക്കുന്നുണ്ട്.
വില്ലൻ വേഷം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് ജഗദീഷ് മുൻപ് ചില അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ അപ്രതീക്ഷിതമായി തനിക്ക് ലഭിച്ച ഒരു വില്ലൻ വേഷത്തെ കുറിച്ചും അത് ചെയ്യാൻ തനിക്ക് ഉണ്ടായിരുന്ന വിമുഖതയെക്കുറിച്ചും അദ്ദേഹം ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ്. ആ വേഷം ചെയ്യാൻ ഭാര്യ രമയും മക്കളും തന്ന പിന്തുണയേക്കുറിച്ചും അദ്ദേഹം വാചാലനായി. പുതിയ ചിത്രമായ ഫാലിമിയുടെ പ്രമോഷന്റെ ഭാഗമായി ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജഗദീഷ്.
'ലീല സിനിമയിലെ കഥാപാത്രം എനിക്ക് ചിന്തിക്കാൻ പറ്റുന്ന ഒന്നല്ല. സ്വന്തം മകളോട് അപമര്യാദയായി പെരുമാറുന്ന അച്ഛന്റെ കഥാപാത്രം എന്നെ സംബന്ധിച്ച് വലിയൊരു ചലഞ്ചായിരുന്നു. അത്രത്തോളം ആത്മസംഘർഷവും ഉണ്ടായിരുന്നു. അത് എങ്ങനെ ചെയ്യും, സിനിമയിൽ എന്നെ പോലെ ഒരു ആക്ടർ അത് ചെയ്യുമ്പോൾ എന്താകുമെന്ന കൺഫ്യൂഷനും ഉണ്ടായിരുന്നു. ഞാൻ രമയോടും കുട്ടികളോടുമാണ് ഇത് ആദ്യം പറഞ്ഞത്,'
'അവർ ധൈര്യമായി ചെയ്‌തോളൂ എന്ന് പറഞ്ഞു, അതൊരു കഥാപത്രമല്ലേ, മാത്രമല്ല നമ്മുടെ സമൂഹത്തിൽ അങ്ങനെയുള്ള അച്ഛന്മാരും ഉണ്ട്. അതിനെ ആ രീതിയിൽ എടുത്ത് ചെയ്താൽ മതി എന്ന് രമ പറഞ്ഞു. അവർ അന്ന് തന്ന ആ കോൺഫിഡൻസിലാണ് ഞാൻ ആ സിനിമ ചെയ്തത്. അതുപോലെ ഹരികൃഷ്ണൻസ് എന്ന സിനിമയിൽ ഒരു വക്കീലായി എനിക്ക് ഒരു സ്പെഷ്യൽ അപ്പിയറൻസ് ഉണ്ടായിരുന്നു. ബേബി ശ്യാമിലിയുടെ കഥാപാത്രത്തെ ചോദ്യം ചെയ്ത് ഹറാസ് ചെയ്യുന്ന ഒരു കഥാപാത്രമായിരുന്നു എന്റേത്.
അതും ബാക്കിയുള്ള പലർക്കും വിഷമം തോന്നുന്ന ഒന്നായിരുന്നു. കാരണം ആ കൊച്ചു കുട്ടിയെ അനാവശ്യമായ ചോദ്യങ്ങൾ ചോദിച്ച് മാനസികമായി തളർത്തുന്ന ഒരു കഥാപാത്രമായിരുന്നു. ലീലയിലെയും ഹരികൃഷ്ണൻസിലെയും ഈ രണ്ടു കഥാപാത്രങ്ങളും ചെയ്യാൻ എനിക്ക് ആദ്യം ഒട്ടും കംഫർട്ടബിൾ ആയിരുന്നില്ല,' ജഗദീഷ് പറഞ്ഞു.