'ആൾക്കൂട്ടത്തിൽ നിന്നൊരു കുട്ടിയുടെ ശബ്ദം. 'ജയറാമേ'..., 'ആരെടാ അത്'; കുസൃതി നിറഞ്ഞ മറുപടിയുമായി നടൻ

സിനിമയിലെ മികച്ച കഥാപാത്രങ്ങളുടെ പേരിലും സിനിമയ്ക്ക് പുറത്ത് വളരെ സാധാരണക്കാരനായ വ്യക്തി എന്ന നിലയിലും ഏറെ ആരാധകരുള്ള താരമാണ് ജയറാം. തെന്നിന്ത്യയിലെ വിവിധ ഭാഷകളിൽ പുതിയചിത്രങ്ങളുമായി തിരക്കിലാണ് താരം. ഒരു ചടങ്ങിനെത്തിയ ജയറാമിന്റെ കുസൃതി നിറഞ്ഞ പെരുമാറ്റത്തിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിലെ പുതിയ വൈറൽ കാഴ്ച.
എവിടെയാണ് സംഭവം നടന്നതെന്ന് വീഡിയോയിൽ വ്യക്തമല്ല. ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയ ജയറാമിനെ ജനാവലി ആനയിക്കുകയാണ്. എല്ലാവരോടും കുശലാന്വേഷണം നടത്തുകയും കൈവീശിക്കാണിക്കുകയുമൊക്കെ ചെയ്യുന്നുണ്ട് താരം. ഇതിനിടെ ആൾക്കൂട്ടത്തിൽ നിന്നൊരു കുട്ടിയുടെ ശബ്ദം. 'ജയറാമേ' എന്നായിരുന്നു അത്. ആരെടാ അത് എന്നുള്ളരീതിയിൽ കുസൃതി നിറഞ്ഞ അംഗവിക്ഷേപമായിരുന്നു ഇതിനോടുള്ള ജയറാമിന്റെ പ്രതികരണം.
ഇത് കൂട്ടച്ചിരിക്ക് വഴിവെയ്ക്കുന്നതായും വീഡിയോയിൽ കാണാം. ജയറാം ലൈവ് എന്ന ഫാൻസ് പേജിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. കുട്ടിയോടുള്ള ജയറാമിന്റെ പ്രതികരണം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. തന്നെ പേരെടുത്തുവിളിച്ചുള്ള കുട്ടിയോട് എത്ര സുന്ദരമായാണ് ജയറാം പ്രതികരിച്ചത് എന്ന രീതിയിലാണ് വരുന്ന ഭൂരിഭാഗം പ്രതികരണങ്ങളും. വളരെ സിമ്പിളായ താരമാണ് ജയറാമെന്നും കമന്റുകൾ വരുന്നുണ്ട്.
അതേസമയം ജയറാം മുഖ്യവേഷങ്ങളിലൊന്നായെത്തിയ പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം റിലീസിന് തയ്യാറെടുക്കുകയാണ്. ഏപ്രിൽ 28-നാണ് ചിത്രം തിയേറ്ററുകളിലെത്തുക. മഹേഷ് ബാബുവിനെ നായകനാക്കി ത്രിവിക്രം സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിലും ജയറാം മുഖ്യവേഷത്തിലുണ്ട്.