'സന്തോഷ് ട്രോഫി'യിൽ പ്രധാന വേഷത്തിൽ ജോമോൻ ജ്യോതിർ, രണ്ടാം ഘട്ട ചിത്രീകരണം ആരംഭിച്ചു
പുതുമുഖങ്ങൾക്ക് മുൻഗണന നൽകി ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സംവിധായകൻ വിപിൻ ദാസും ഒന്നിക്കുന്ന പുതിയ ചിത്രം 'സന്തോഷ് ട്രോഫി'യുടെ രണ്ടാം ഘട്ട ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് യുവനടൻ ജോമോൻ ജ്യോതിർ ആണെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള പുതിയ ക്യാരക്ടർ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. 'സന്തോഷ് ട്രോഫിക്ക് ഒരു പുതിയ മുഖം' എന്ന ടാഗ്‌ലൈനോടെയാണ് ജോമോന്റെ പോസ്റ്റർ എത്തിയിരിക്കുന്നത്. 'ഗുരുവായൂരമ്പലനടയിൽ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ലിസ്റ്റിൻ സ്റ്റീഫനുമായി വിപിൻ കൈകോർക്കുന്ന ആദ്യ പ്രൊജക്റ്റ് കൂടിയാണിത്.
സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി അറുപതോളം പുതുമുഖങ്ങളാണ് ഈ ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തുന്നത്. അഭിനയത്തിലും സംവിധാനത്തിലും മറ്റ് സാങ്കേതിക മേഖലകളിലും പുതുമുഖങ്ങൾക്ക് വലിയ പ്രാധാന്യം നൽകിക്കൊണ്ട് സിനിമാ വ്യവസായത്തിലേക്ക് പുതിയ തലമുറയുടെ ഊർജ്ജം കൊണ്ടുവരികയാണ് മാജിക് ഫ്രെയിംസ്. വൈക്കം, തലയോലപ്പറമ്പ് തുടങ്ങിയ ഭാഗങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. വിപിൻ ദാസ് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിർവ്വഹിച്ചിരിക്കുന്നത്.
ജസ്റ്റിൻ സ്റ്റീഫനാണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർ. അരവിന്ദ് പുതുശ്ശേരി ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിങ്ങും നിർവ്വഹിക്കുന്നു. സംഗീതം: അങ്കിത് മേനോൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: സന്തോഷ് കൃഷ്ണൻ, നവീൻ പി തോമസ്, ലൈൻ പ്രൊഡ്യൂസർ: അഖിൽ യശോധരൻ, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ കുമാരൻ, കോസ്റ്റ്യൂം: അശ്വതി ജയകുമാർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാകേഷ് കെ രാജൻ. മേക്കപ്പ്: സുധി സുരേന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രജീഷ് പ്രഭാസൻ, സൗണ്ട് ഡിസൈനിങ്: അരുൺ എസ് മണി, സൗണ്ട് മിക്സിങ്: എം ആർ രാജാകൃഷ്ണൻ. കാസ്റ്റിംഗ് ഡയറക്ടർ: രാജേഷ് നാരായണൻ, പിആർഒ: മഞ്ജു ഗോപിനാഥ്, പ്രതീഷ് ശേഖർ. മാജിക് ഫ്രെയിംസ് റിലീസ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.
