'ആ സമയം പ്രതിഫലം മുഴുവനുമായി ദിലീപ് വാങ്ങി തന്നു, അന്നത്തെ സഹായം ഒരിക്കലും മറക്കില്ല'; കലാരഞ്ജിനി

  1. Home
  2. Entertainment

'ആ സമയം പ്രതിഫലം മുഴുവനുമായി ദിലീപ് വാങ്ങി തന്നു, അന്നത്തെ സഹായം ഒരിക്കലും മറക്കില്ല'; കലാരഞ്ജിനി

kalaranjini


കലാരഞ്ജിനി, കൽപന, ഉർവശി താരസഹോദരിമാർ മലയാള സിനിമയിൽ പ്രിയപ്പെട്ടവരാണ്. കൽപനയുടെ വേർപാടുണ്ടാക്കിയ വേദനയിലാണ് ഇന്നും കുടുംബം. അതേ സമയം നടിമാരുടെ മക്കളും വൈകാതെ സിനിമയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ്. ഉർവശിയുടെ മകൾ തേജാലക്ഷ്മിയും കൽപനയുടെ മകൾ ശ്രീസംഖ്യയുമൊക്കെ അതിനുള്ള മുന്നൊരുക്കത്തിലാണ്. അടുത്ത തലമുറയുടെ കടന്ന് വരവിനെ കുറിച്ച് സംസാരിക്കുകയാണ് കലാരഞ്ജിനിയിപ്പോൾ. ഒപ്പം തന്റെ വീട്ടിലുണ്ടായ ദുരന്തങ്ങളെ കുറിച്ചും സ്റ്റാർ ആൻഡ് സ്‌റ്റൈലിന് നൽകിയ അഭിമുഖത്തിലൂടെ പറയുന്നു.

അച്ഛനും അമ്മയും നിർബന്ധിച്ചിട്ടല്ല ഞങ്ങൾ സിനിമയിലേക്ക് വന്നത്. യാദൃശ്ചികമായി എത്തിയതാണ്. അതുപോലെ മക്കളും അവർക്ക് ഇഷ്ടമുള്ള ജോലി ചെയ്യട്ടെ എന്നാണ് ഞങ്ങളുടെ തീരുമാനം. പക്ഷേ അവരും കൊച്ചിലെ മുതൽ കാണുന്നത് സിനിമ തന്നെയാണല്ലോ. ഈ ചോറ് കഴിച്ചിട്ട് ആണല്ലോ അവരും വളർന്നത്. അതുകൊണ്ടാവാം അവരുടെ രക്തത്തിലും സിനിമ തന്നെയാണ്.

എന്റെ മോൾ അമ്പോറ്റി ഉജ്വൽ, കൽപ്പനയുടെ മകൾ ശ്രീസംഖ്യ, അനിയന്റെ മോൻ നിധിൻ പ്രിൻസ്, ഉർവശിയുടെ മകൾ തേജാലക്ഷ്മി... എന്നിങ്ങനെ നാലു പിള്ളേരോടും പത്താം ക്ലാസ് കഴിഞ്ഞപ്പോൾ എന്താണ് പഠിക്കേണ്ടതെന്ന് ചോദിച്ചു. നാലുപേരും പറഞ്ഞത് വിഷ്വൽ കമ്മ്യൂണിക്കേഷൻ എന്നാണ്.

ഉർവശിയുടെ ഇളയ മകൻ ഇഷാൻ പ്രജാപതി നാലാം ക്ലാസിൽ പഠിക്കുകയാണ്. അവനും നല്ലൊരു കലാകാരനാണ്. ശ്രീ സംഖ്യ തമിഴ് ഡ്രാമ ആർട്ടിസ്റ്റ് ആണ്. എന്തായാലും പഠനം ഒക്കെ കഴിഞ്ഞാൽ ഈ മക്കൾ സിനിമയിലേക്ക് തന്നെ വരുമെന്ന് കലാരഞ്ജിനി പറയുന്നു.

ജീവിതത്തിൽ ഉണ്ടായ ദുരന്തങ്ങളെ കുറിച്ച് കലാരഞ്ജിനി പറയുന്നത് ഇങ്ങനെയാണ്... ആദ്യം അച്ഛൻ പിന്നെ അനിയൻ, ചിറ്റപ്പൻ, മിനിമോൾ... അതെല്ലാം നഷ്ടങ്ങൾ തന്നെയാണ്. മിനിമോളുടെ മരണം എല്ലാവരുടെയും നഷ്ടമാണ്. അവളുടെ കഴിവിന് അനുസരിച്ചുള്ള അംഗീകാരങ്ങൾ കിട്ടിയിട്ടില്ലെങ്കിലും അവൾക്ക് പകരം വയ്ക്കാൻ വേറെ ആരുമില്ല.

ആ നഷ്ടങ്ങൾ നമുക്ക് ഒരിക്കലും മറക്കാൻ പറ്റില്ല. അപ്പോഴൊക്കെ സഹപ്രവർത്തകർ ഞങ്ങളെ ചേർത്ത് പിടിച്ചു. അതൊരു ആശ്വാസമായിരുന്നു. കൊച്ചി രാജാവിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഞങ്ങളുടെ ചിറ്റപ്പൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ആവുന്നത്. ഇത് കേട്ട ഉടനെ ദിലീപും മുരളി ചേട്ടനും സഹകരിച്ച് ഞാൻ അഭിനയിക്കാനുള്ള സീനുകൾ എല്ലാം വേഗം തീർത്തു തന്നു.

പോവാൻ ഇറങ്ങുമ്പോൾ എന്റെ പ്രതിഫലം മുഴുവനുമായി ദിലീപ് വാങ്ങി തന്നു. എന്നിട്ട് പറഞ്ഞു, ' ചേച്ചി വേറൊന്നും ഇപ്പോൾ നോക്കണ്ട. ആദ്യം ആശുപത്രിയിലെ കാര്യം നോക്കൂ' എന്ന്.

അനിയൻ പ്രിൻസ് മരിച്ചപ്പോൾ ലാലേട്ടന്റെ അമ്മ പറഞ്ഞു ' മക്കളെ എന്റെ വീട്ടിലും മരണം നടന്നതല്ലേ. എന്നിട്ടും ഞാൻ പിടിച്ചുനിന്നു. ഇതൊക്കെ മറക്കാനുള്ള ധൈര്യം ദൈവം തരും. ഓരോ ദുരന്തത്തിലും ശ്രീകുമാരൻ തമ്പി സാറിന്റെ കുടുംബവും കൂടെ തന്നെ ഉണ്ടായിരുന്നു.