പ്രഭാസ് ചിത്രം 'കൽക്കി'യിലെ സുപ്രധാന ഫോട്ടോ ചോർന്നു; വിഎഫ്എക്സ് കമ്പിനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നിർമാതാക്കൾ

പ്രഭാസ് നായകനാകുന്ന പുതിയ ചിത്രം 'കൽക്കി 2898 എ. ഡി'യിലെ സുപ്രധാന ഫോട്ടോ ചോർന്നു. ചിത്രത്തിന്റെ വിഎഫ്‍ക്സ് ചെയ്യുന്ന കമ്പനിയിൽ നിന്നും ഫോട്ടോ ചോർന്നുവെന്നാണ് വിവരം. സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് നിർമാതാക്കളായ വൈജയന്തി മൂവീസ് അറിയിച്ചു. കമ്പനിയോട് കല്‍ക്കിയുടെ നിർമാതാക്കൾ വലിയൊരു തുക നഷ്ടപരിഹാരം ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
സംഭവത്തിൽ നടൻ പ്രഭാസും അസ്വസ്ഥനാണ്. ഫോട്ടോ ചോർത്തിയ ജീവനക്കാരനെ പുറത്താക്കിയതായും വിവരങ്ങളുണ്ട്. പ്രഭാസിന്റെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'കൽക്കി 2898 എ. ഡി'. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ കമൽഹാസൻ, അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, ദിഷാ പഠാണി തുടങ്ങി നിരവധി താരങ്ങളും അഭിനയിക്കുന്നുണ്ട്.
ചിത്രത്തിൽ സൂപ്പർ ഹീറോ ആയാണ് പ്രഭാസ് എത്തുന്നത്. 2020 ഫെബ്രുവരിയിൽ പ്രഖ്യാപിച്ച ചിത്രം സയൻസ് ഫിക്ഷൻ വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. വൈജയന്തി മൂവീസ് നിര്‍മിക്കുന്ന അമ്പതാമത്തെ ചിത്രമായ പ്രോജക്ട് കെ 2024 ജനുവരി 12-ന് തിയേറ്ററുകളിലെത്തും.