'കിലുക്കത്തിൽ അഭിനയിച്ചിട്ട് പ്രണവിനോട് ആ ഡയലോഗ് പറയണം'; കല്യാണി പ്രിയദർശൻ

  1. Home
  2. Entertainment

'കിലുക്കത്തിൽ അഭിനയിച്ചിട്ട് പ്രണവിനോട് ആ ഡയലോഗ് പറയണം'; കല്യാണി പ്രിയദർശൻ

kalyani-priyadarshan-pranav-mohanlal


കാലം എത്ര കടന്ന് പോയാലും ഒരിക്കലും പുതുമ നഷ്ടപ്പെടാത്ത ഒരു മാജിക്കൽ പ്രിയദർശൻ ചിത്രമാണ് കിലുക്കം. റിപ്പീറ്റ് വാല്യുവിന്റെ കാര്യത്തിൽ കിലുക്കത്തെ കടത്തിവെട്ടാൻ സാധ്യമല്ല. 1991 മാർച്ച് 15ന് തിയറ്ററുകളിലെത്തിയ ചിത്രം മുപ്പത് വർഷത്തിനുശേഷവും തുടർച്ചയായ ടെലിവിഷൻ പ്രദർശനങ്ങളിൽ പ്രേക്ഷകരെ നേടുന്നുണ്ട്.

അക്കാലത്ത് ബോക്‌സ് ഓഫീസിൽ തരംഗം തീർത്ത ഈ ചിത്രം നേടിയ കലക്ഷൻ അഞ്ച് കോടി രൂപയാണ്. അറുപത് ലക്ഷം രൂപ മുടക്കിയാണ് ചിത്രം നിർമിച്ചത്. തൊണ്ണൂറുകളിൽ ബോക്‌സ് ഓഫീസിൽ തരംഗമായ കിലുക്കത്തിൽ അഭിനയിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് പറയുകയാണ് ഇപ്പോൾ കല്യാണി പ്രിയദർശൻ.

കിലുക്കം പോലൊരു സിനിമ തങ്ങളുടെ സിനിമാ കരിയറിൽ സംഭവിച്ചിരുന്നെങ്കിലെന്ന് എല്ലാ അഭിനേതാക്കളും ആഗ്രഹിക്കാറുണ്ട്. പിതാവ് പ്രിയദർശൻ സംവിധാനം ചെയ്ത സിനിമകളിലെ ഏതെങ്കിലും കഥാപാത്രം ചെയ്യാൻ സാധിച്ചിരുന്നെങ്കിലെന്ന് തോന്നിയിട്ടുണ്ടോയെന്ന അവതാരകയുടെ ചോദ്യത്തോട് പ്രതികരിച്ചാണ് കിലുക്കം സിനിമയിൽ അഭിനയിക്കാൻ സാധിച്ചിരുന്നെങ്കിലെന്ന് തോന്നിയിട്ടുണ്ടെന്ന് കല്യാണി പറഞ്ഞത്.

കല്യാണിയുടെ മറുപടി കേട്ട് എല്ലാവരും കരുതിയത് നായിക രേവതിയുടെ വേഷം ചെയ്യാനായിരിക്കും കല്യാണിയുടെ താൽപര്യമെന്നാണ്. എന്നാൽ കല്യാണി ചെയ്യാൻ ആഗ്രഹിക്കുന്നത് മറ്റൊരു വേഷമാണ്.

മോഹൻലാൽ മനോഹരമാക്കിയ ജോജിയെ അവതരിപ്പിക്കാനാണ് കല്യാണിക്ക് ആഗ്രഹം. ഒപ്പം മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് അഭിനയിക്കണമെന്നും കല്യാണി പറയുന്നു. 'കിലുക്കത്തിൽ അഭിനയിക്കണമെന്ന് ആഗ്രഹം തോന്നിയിട്ടുണ്ട്. പ്രണവും ഞാനും കിലുക്കം ചെയ്യണം. അതിൽ പ്രണവ് രേവതി മാമിന്റെ റോൾ ചെയ്യണം.'

'ഞാൻ ലാൽ അങ്കിളിന്റെയും. അത് ഫണ്ണായിരിക്കും. കാരണം പ്രണവിനെ നോക്കി വട്ടാണല്ലേ... എന്ന് പറയണമെന്ന് എനിക്ക് ആഗ്രഹമുണ്ടെന്നാണ്', കല്യാണി പറഞ്ഞത്. ശേഷം മൈക്കിൽ ഫാത്തിമ എന്ന പുതിയ സിനിമയുടെ പ്രമോഷനായി മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് തന്റെ വിചിത്രമായ ആഗ്രഹങ്ങളെ കുറിച്ച് കല്യാണി സംസാരിച്ചത്.

മലബാർ പെൺകൊടിയായാണ് ചിത്രത്തിൽ കല്യാണി അഭിനയിക്കുന്നത്. ഫാത്തിമയെ മനോഹരമാക്കാനായി മലയാളവും മലപ്പുറം സ്ലാങും കല്യാണി മനപാഠമാക്കി. ഡബ്ബിങിന്റെ ആദ്യ ദിവസങ്ങളിൽ താൻ കരയുകയായിരുന്നുവെന്ന് കല്യാണി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ചെന്നൈയിൽ ജനിച്ച കല്യാണിയുടെ പഠനം വിദേശത്തായിരുന്നു.

അതുകൊണ്ട് തന്നെ മലയാളം സംസാരിക്കാൻ കല്യാണിക്ക് ബുദ്ധിമുട്ടേറെയായിരുന്നു. 'അച്ഛനുമമ്മക്കും എന്നെക്കുറിച്ച് അഭിമാനമാണ്. പരീക്ഷക്ക് പോലും ഇങ്ങനെ പഠിച്ചിട്ടില്ല. അതുപോലെ മലയാളം ഫ്‌ലൂവന്റാക്കാൻ പരിശ്രമിച്ചിട്ടുണ്ട്. എല്ലാ ബ്രദേഴ്‌സിനെയും പോലെയാണ് എന്റെ ബ്രദറും. സപ്പോർട്ടാണ്. ശേഷം മൈക്കിൽ ഫാത്തിമയിൽ ഒരു ചേട്ടൻ എനിക്കുണ്ട്.'

'അനീഷ് ജി മേനോനാണ് ചേട്ടനായി അഭിനയിച്ചത്. യഥാർത്ഥ ജീവിതത്തിൽ ഒരു ചേട്ടൻ വേണെമെന്ന ആഗ്രഹമായിരുന്നു എനിക്ക്. ഞാനും അനിയനും എപ്പോഴും അടിയാണ്. ചേട്ടനാണ് നമുക്ക് ഉള്ളതെങ്കിൽ ഒരു പ്രൊട്ടക്ടീവ് ഫീലുണ്ടാകുമല്ലോ. ഷൂട്ടിന് ശേഷവും അനീഷ് ജി മേനോനെ കാക്കു എന്ന് തന്നെയാണ് ഞാൻ വിളിക്കുന്നതെന്നാണ്', കല്യാണി പ്രിയദർശൻ പറഞ്ഞത്.