'ആ സിനിമയിൽ ശോഭന വേണ്ട, മറ്റേതെങ്കിലും നടി അഭിനയിച്ചാൽ മതിയെന്ന് മമ്മൂക്ക പറഞ്ഞു, കാരണം...'; കമൽ

  1. Home
  2. Entertainment

'ആ സിനിമയിൽ ശോഭന വേണ്ട, മറ്റേതെങ്കിലും നടി അഭിനയിച്ചാൽ മതിയെന്ന് മമ്മൂക്ക പറഞ്ഞു, കാരണം...'; കമൽ

MAMMOOTY


മമ്മൂട്ടി, ശോഭന, ശ്രീനിവാസൻ, ആനി എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തി ഹിറ്റാക്കിയ ചിത്രമാണ് ' മഴയെത്തും മുൻപെ '. ശ്രീനിവാസൻ തിരക്കഥയെഴുതിയ ചിത്രം സംവിധാനം ചെയ്തത് കമലായിരുന്നു. ഒരു വനിത കോളേജിൽ അദ്ധ്യാപകനായെത്തുന്ന മമ്മൂട്ടിയും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ കഥ. ഇപ്പോഴിതാ ഈ ചിത്രത്തിലേക്ക് കാസ്റ്റിംഗ് നടന്നതിനെക്കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകൻ കമൽ. കൗമുദി മൂവീസിനോടാണ് കമൽ മനസുതുറക്കുന്നത്.

'അന്നത്തെ മമ്മൂക്ക സിനിമകളുടെ വിജയം ചിത്രത്തിന്റെ ഇമോഷണൽ ട്രാക്കായിരുന്നു. മഴയെത്തും മുൻപെയുടെ കഥയൊക്കെ ആയിക്കഴിഞ്ഞപ്പോഴേക്കും കാസ്റ്റിംഗായിരുന്നു പ്രധാന പ്രശ്‌നം. നായകൻ മമ്മൂക്കയാണെന്ന് ഞങ്ങൾ ആദ്യമേ തീരുമാനിച്ചു. ശോഭനയുടെ റോളിൽ ഞങ്ങൾ ആദ്യമേ കണ്ടത് ശോഭനയെ തന്നെയായിരുന്നു. മമ്മൂക്ക ഇത് അറിഞ്ഞതോടെ ' ഞാനും ശോഭനയും കൂടെ ഇപ്പോൾ കുറേ പടത്തിൽ ഒരുമിച്ചായി, വേറെ ഏതെങ്കിലും നടിയെ അഭിനയിപ്പിച്ചാൽ മതി'യെന്ന് പറഞ്ഞു. ആ സമയത്ത് മമ്മൂക്ക കുറേ നടികളുടെ പേര് പറഞ്ഞു.

ശോഭന ആ സമയത്ത് ഡാൻസറായിരുന്നു. ഒരു എക്‌സ്പേർട്ട് ഡാൻസറുടെ ക്യാരക്ടറായിരുന്നു. അതുകൊണ്ട് ശോഭന ചെയ്യുമ്പോൾ ആൾക്കാർക്ക് അത് ഐഡന്റിഫൈ ചെയ്യാൻ സാധിക്കും. തുടർച്ചയായി ഒരേ നായികയോട് അഭിനയിക്കുന്നത് മമ്മൂക്കയ്ക്ക് അത്ര തൃപ്തിയുണ്ടായിരുന്നില്ല' കമൽ പറഞ്ഞു.

ചിത്രത്തിലേക്ക് ആനി അഭിനയിച്ചതിനെക്കുറിച്ചും കമൽ വെളിപ്പെടുത്തുന്നു.'ഈ ചിത്രത്തിൽ അഭിനയിക്കുന്നതിന് മുമ്പ് ആനി അമ്മയാണെ സത്യം എന്ന ചിത്രത്തിൽ മാത്രമാണ് അഭിനയിച്ചത്. അതിന് ശേഷം മറ്റ് ചിത്രങ്ങളിൽ അഭിനയിച്ചില്ല. ആ ചിത്രം കണ്ടപ്പോൾ ആനിയെ എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. അങ്ങനെയാണ് ഞാൻ മമ്മൂക്കയോട് ആനിയുടെ കാര്യം പറഞ്ഞത്. മമ്മൂക്ക ആദ്യം പറഞ്ഞത് ആ പെണ്ണിനെ കണ്ടാൽ ആണാണെന്ന് അല്ലേ തോന്നുക. തമാശയായി മമ്മൂക്ക പറഞ്ഞു. നമുക്കും അങ്ങനെ ആണത്വമുള്ള ഒരു പെണ്ണാണ് വേണ്ടതെന്ന് ഞാനും പറഞ്ഞു. ഇപ്പോൾ അത് പൊളിറ്റിക്കൽ ഇൻകറക്റ്റ് ആണ്. അങ്ങനെയാണ് ഞങ്ങൾ ആനിയിലേക്ക് എത്തുന്നത്. ആനിയുടെ രണ്ടാമത്തെ ചിത്രമാണ് മഴയെത്തും മുൻപെ ' കമൽ പറഞ്ഞു.