കർമ്മയോദ്ധ തിരക്കഥ മോഷണം: മേജർ രവിക്ക് വൻ തിരിച്ചടി; 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്

  1. Home
  2. Entertainment

കർമ്മയോദ്ധ തിരക്കഥ മോഷണം: മേജർ രവിക്ക് വൻ തിരിച്ചടി; 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്

karmayodha


മോഹൻലാൽ നായകനായ ‘കർമ്മയോദ്ധ’ എന്ന ചിത്രത്തിന്റെ തിരക്കഥാ തർക്കത്തിൽ സംവിധായകൻ മേജർ രവിക്ക് കനത്ത തിരിച്ചടി. ചിത്രത്തിന്റെ തിരക്കഥ പുതുപ്പള്ളി സ്വദേശിയായ റെജി മാത്യുവിന്റേതാണെന്ന് കോട്ടയം കൊമേഴ്‌സ്യൽ കോടതി വിധി പ്രസ്താവിച്ചു. പരാതിക്കാരന് 30 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്നും സിനിമയുടെ പകർപ്പവകാശം റെജി മാത്യുവിന് കൈമാറണമെന്നും കോടതി ഉത്തരവിട്ടു.

13 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഈ സുപ്രധാന വിധി വന്നിരിക്കുന്നത്. 2012-ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും തന്റെ അനുമതിയില്ലാതെയാണ് ഉപയോഗിച്ചതെന്ന് കാട്ടിയാണ് റെജി മാത്യു കോടതിയെ സമീപിച്ചത്.

സിനിമയുടെ റിലീസിന് ഒരു മാസം മുൻപ് തന്നെ റെജി മാത്യു നിയമനടപടികൾ ആരംഭിച്ചിരുന്നു. അന്ന് അഞ്ച് ലക്ഷം രൂപ കെട്ടിവെച്ചാണ് സിനിമ റിലീസ് ചെയ്യാൻ കോടതി അനുമതി നൽകിയത്. തിരക്കഥയിൽ തർക്കമുണ്ടെന്ന് രേഖപ്പെടുത്തി റിലീസ് ചെയ്യാനായിരുന്നു ഉത്തരവ്. എന്നാൽ ഇത് ലംഘിച്ച് ഷാജി, സുമേഷ് എന്നിവരുടെ പേരിൽ തിരക്കഥാകൃത്തുകളായി കാണിച്ചാണ് സിനിമ പുറത്തിറങ്ങിയത്. ഇതോടെയാണ് 40 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് റെജി മാത്യു വീണ്ടും കോടതിയെ സമീപിച്ചത്.

തിരക്കഥയും സംഭാഷണവും പൂർണ്ണമായും തന്റേതാണെന്ന റെജി മാത്യുവിന്റെ വാദം ശരിവെച്ച കോടതി, ഇത്രയും കാലം നീണ്ട നിയമയുദ്ധത്തിന് ശേഷം അദ്ദേഹത്തിന് നീതി ഉറപ്പാക്കുകയായിരുന്നു.