മലയാള സിനിമയുടെ വിസ്മയക്കാഴ്ചയായി 'കത്തനാർ'; ജയസൂര്യ ചിത്രത്തിന്റെ ബ്രഹ്മാണ്ഡ ടീസർ ട്രെയിലർ പുറത്ത്

  1. Home
  2. Entertainment

മലയാള സിനിമയുടെ വിസ്മയക്കാഴ്ചയായി 'കത്തനാർ'; ജയസൂര്യ ചിത്രത്തിന്റെ ബ്രഹ്മാണ്ഡ ടീസർ ട്രെയിലർ പുറത്ത്

kathanar


മലയാള സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന 'കത്തനാർ' (Kathanar - The Wild Sorcerer) എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ടീസർ ട്രെയിലർ പുറത്തിറങ്ങി. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് 'ഹോം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ റോജിൻ തോമസാണ്. മലയാള സിനിമയിൽ ഇതുവരെ പരീക്ഷിക്കാത്ത സാങ്കേതിക തികവോടെ എത്തുന്ന ചിത്രം ഒരു ദൃശ്യവിസ്മയമായിരിക്കുമെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്.

ഒൻപതാം നൂറ്റാണ്ടിലെ കഥ പറയുന്ന ഈ പീരീഡ് ഫാന്റസി ചിത്രത്തിനായി നടൻ ജയസൂര്യ തന്റെ കരിയറിലെ നാല് വർഷമാണ് മാറ്റിവെച്ചത്. കടമറ്റത്ത് കത്തനാർ എന്ന ഇതിഹാസ കഥാപാത്രത്തെ പുതിയ ആഖ്യാന ശൈലിയിലാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഹോളിവുഡ് നിലവാരത്തിലുള്ള വിഎഫ്എക്സ് (VFX), മികച്ച പശ്ചാത്തല സംഗീതം, വസ്ത്രലങ്കാരം എന്നിവയാൽ സമ്പന്നമാണ് പുറത്തുവന്ന ദൃശ്യങ്ങൾ.

ആർ. രാമാനന്ദും റോജിൻ തോമസും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നീൽ ഡി കുഞ്ഞ ഛായാഗ്രഹണവും രാഹുൽ സുബ്രഹ്മണ്യൻ സംഗീതവും നിർവ്വഹിക്കുന്നു.ജയസൂര്യയ്ക്കൊപ്പം തെലുങ്ക് സൂപ്പർതാരം അനുഷ്ക ഷെട്ടി, പ്രഭുദേവ, വിനീത്, നിതീഷ് ഭരദ്വാജ് തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. അഞ്ഞൂറോളം പേർ അഞ്ച് വർഷത്തോളം നീണ്ട കഠിനാധ്വാനത്തിലൂടെയാണ് ചിത്രം പൂർത്തിയാക്കിയത്. 15 ഭാഷകളിലായാണ് ചിത്രം ആഗോളതലത്തിൽ പ്രദർശനത്തിനെത്തുന്നത്.

മലയാള സിനിമയെ ആഗോളതലത്തിൽ എത്തിക്കുന്ന ഒരു കൾട്ട് ക്ലാസിക് ആയിരിക്കും 'കത്തനാർ' എന്ന പ്രതീക്ഷയിലാണ് ആരാധകർ. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ അവസാനഘട്ടത്തിലാണ്.