കെൻ കരുണാസ് ചിത്രം 'യൂത്ത്' മാർച്ച് 19-ന്; തരംഗമായി 'ലവ് സൊല്ലിട്ടാലേ' മ്യൂസിക് വീഡിയോ
തമിഴ് യുവതാരം കെൻ കരുണാസ് ആദ്യമായി സംവിധായകനും നായകനുമായി എത്തുന്ന 'യൂത്ത്' (Youth) സിനിമയിലെ പുതിയ മ്യൂസിക് വീഡിയോ പുറത്തിറങ്ങി. ജി.വി. പ്രകാശ് കുമാർ സംഗീതം നൽകിയ 'ലവ് സൊല്ലിട്ടാലേ' എന്ന പക്കാ ഡാൻസ് നമ്പറാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ജി.വി. പ്രകാശ് കുമാറും കെന്നും ചേർന്ന് ആലപിച്ച ഈ ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത് കെന്നും ഈശ്വറും ചേർന്നാണ്. ചിത്രം മാർച്ച് 19-ന് തിയേറ്ററുകളിലെത്തും.
സ്കൂൾ പ്രണയവും സൗഹൃദവും ഇതിവൃത്തമാക്കിയ ഒരു റൊമാന്റിക് കോമഡി ഡ്രാമയായാണ് 'യൂത്ത്' ഒരുക്കിയിരിക്കുന്നത്. മലയാളത്തിന്റെ പ്രിയ താരം സുരാജ് വെഞ്ഞാറമൂട് ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. കെൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പിതാവായാണ് സുരാജ് തമിഴിൽ വേഷമിടുന്നത്. നേരത്തെ പുറത്തിറങ്ങിയ 'മുട്ട കലക്കി' എന്ന ഗാനം കേരളത്തിലടക്കം സോഷ്യൽ മീഡിയയിൽ വലിയ തരംഗമായിരുന്നു. ഇപ്പോൾ പുറത്തുവന്ന പുതിയ ഗാനവും യുവപ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്.
ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് (Wayfarer Films) ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. മലയാളി താരം അനിഷ്മ അനിൽകുമാറാണ് ചിത്രത്തിലെ നായിക. ദേവദർശിനി ചേതൻ, പ്രിയാൻഷി യാദവ്, മീനാക്ഷി ദിനേശ് എന്നിവരും ചിത്രത്തിലുണ്ട്. 15 വയസുള്ള ഒരു കൗമാരക്കാരൻ തന്റെ സ്കൂൾ ജീവിതം അവസാനിക്കുന്നതിന് മുൻപ് യഥാർത്ഥ പ്രണയം കണ്ടെത്താൻ നടത്തുന്ന രസകരമായ ശ്രമങ്ങളാണ് സിനിമയുടെ ഇതിവൃത്തം.
