'എല്ലാം കഴിഞ്ഞു എന്നാണ് കരുതിയത്, തിരിച്ചുവരാൻ കഴിയുമെന്ന് വിചാരിച്ചില്ല; ചിത്ര

  1. Home
  2. Entertainment

'എല്ലാം കഴിഞ്ഞു എന്നാണ് കരുതിയത്, തിരിച്ചുവരാൻ കഴിയുമെന്ന് വിചാരിച്ചില്ല; ചിത്ര

CHITHRA


ഇന്ത്യൻ സംഗീത ലോകത്ത് മലയാളത്തിന്റെ അഭിമാനമായി മാറിയ ഗായികയാണ് കെ.എസ് ചിത്ര. സ്വരമാധുര്യം കൊണ്ട് ഓരോ മലയാളിയുടെയും ഹൃദയം കീഴടക്കിയിട്ടുണ്ട് ചിത്ര.  അതുകൊണ്ട് തന്നെയാണ് കേരളത്തിന്റെ വാനമ്പാടിയായി ചിത്രയെ വിശേഷിപ്പിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, ബംഗാളി, ഒറിയ തുടങ്ങിയ പാട്ടുകൾ പാടി കയ്യടി നേടിയിട്ടുണ്ട് ചിത്ര.

കരിയറിൽ കൈനിറയെ പുരസ്‌കാരങ്ങളും അംഗീകാരങ്ങളും മലയാളത്തിന്റെ പ്രിയ ഗായികയെ തേടി എത്തിയിട്ടുണ്ട്. എന്നാൽ ഇതിനേക്കാളേറെ ചിത്രയ്ക്ക് ഏറ്റവും പ്രിയപ്പെട്ടതും വിലമതിക്കാനാവാത്തതുമായ ഒന്നായിരുന്നു ഏക മകൾ നന്ദന. മകളുടെ അകാല വിയോഗം ചിത്രയെ വലിയ രീതിയിൽ ബാധിച്ചിരുന്നു. 2011ലെ ഒരു വിഷുനാളിൽ ദുബായിയിലെ വില്ലയിൽ നീന്തൽക്കുളത്തിൽ വീണാണ് നന്ദന മരിക്കുന്നത്. ഒമ്പത് വയസ്സായിരുന്നു അന്ന് നന്ദനയ്ക്ക് പ്രായം. 

മകളുടെ മരണം തീർത്ത ആഘാതത്തിൽ നിന്ന് പതിയെയാണ് ചിത്ര മുക്തയായത്. അന്ന് പിന്നണി ഗാനരംഗത്തേക്ക് തിരിച്ചുവരാൻ കഴിയുമെന്ന് താനൊരിക്കലും വിചാരിച്ചിരുന്നില്ലെന്ന് പറയുകയാണ് ചിത്ര ഇപ്പോൾ. ഒരുപാട് ആളുകൾ തന്നെ ആ സമയത്ത് സഹായിച്ചിരുന്നുവെന്നും അതുകൊണ്ടാണ് തിരിച്ചുവരവ് സാധ്യമായതെന്നും ചിത്ര പറയുന്നു. ബിഹൈൻഡ്വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

'സത്യം പറഞ്ഞാൽ തിരിച്ചുവരാൻ കഴിയുമെന്ന് ഞാൻപോലും വിചാരിച്ചിട്ടില്ല. എല്ലാം കഴിഞ്ഞു എന്നാണ് ഞാൻ കരുതിയിരുന്നത്. തിരിച്ചുവരാൻ എന്നെ സഹായിച്ച ഒരുപാട് പേരുണ്ട്. എനിക്ക് ഒട്ടും പരിചയമില്ലാത്ത ആളുകൾ പോലും എനിക്ക് വേണ്ടി വഴിപാടുകൾ ചെയ്ത് വീട്ടിലേക്ക് പ്രസാദം അയക്കുമായിരുന്നു. എന്റെ തെറാപ്പിസ്റ്റ് രേഖ ചന്ദ്രൻ, രവീന്ദ്രൻ മാഷിന്റെ ശോഭ ചേച്ചി അങ്ങനെ ഒരുപാട് പേർ എന്നെ സഹായിച്ചിട്ടുണ്ട്', ചിത്ര പറഞ്ഞു.

'എന്റെ മകളുടെ മരണത്തോടുകൂടി ഞാൻ ഒരു കാര്യം മനസിലാക്കി, നമുക്ക് വരാനുള്ളത് എന്തായാലും വരും, എന്നാൽ ഇത്തരം സന്ദർഭങ്ങൾ മറികടക്കാനുള്ള ധൈര്യമാണ് നമുക്ക് ദൈവത്തിൽ നിന്ന് കിട്ടുന്നത്. അതൊരു തിരിച്ചറിവായിരുന്നു. പിന്നീട് ഞാനിങ്ങനെ ഒറ്റപ്പെട്ടിരിക്കുമ്പോൾ എന്റെ ചുറ്റുമുള്ളവരുടെ ജീവിതം കൂടിയാണ് ഞാൻ കാരണം വിഷമത്തിലാകുന്നതെന്ന് മനസിലാക്കി',

'വിജയേട്ടൻ (ഭർത്താവ്) ജോലിപോലും ഉപേക്ഷിച്ചാണ് എന്റെ കൂടെ നിന്നത്. ഞാൻ ഇങ്ങനെ ഇരുന്നാൽ അദ്ദേഹത്തിന്റെ ജീവിതം എന്താവും. എനിക്കൊരു സ്റ്റുഡിയോ ഉണ്ട്. അവിടെ ജോലിചെയ്യുന്ന കുറേ പേരുണ്ട്. ഇതൊക്കെ എനിക്ക് തിരിച്ചുവരാനുള്ള കാരണങ്ങളായിരുന്നു', ചിത്ര പറഞ്ഞു.

താൻ പാട്ടുക്കാരിയാകുന്നതിൽ വീട്ടുകാർക്ക് ഉണ്ടായിരുന്ന എതിർപ്പിനെ കുറിച്ചും, ചിരിയുടെ പേരിൽ അമ്മയുടെ വഴക്ക് കേട്ടിട്ടുള്ളതിനെ കുറിച്ചുമൊക്കെ ചിത്ര അഭിമുഖത്തിൽ പറയുന്നുണ്ട്. അമ്മയുടെ അടുത്ത് നിന്ന് എനിക്കേറ്റവും കൂടുതൽ വഴക്ക് കിട്ടിയിട്ടുള്ളത് ചിരി കാരണമാണെന്നാണ് ചിത്ര പറയുന്നത്. എന്റെ മുഖത്തേക്ക് ഒരാൾ നോക്കിയാൽ ഞാൻ അപ്പോൾ ചിരിക്കും. എന്റെയൊരു പ്രകൃതം അങ്ങനെയാണ്.

അമ്മ എന്നോട് എപ്പോഴും പറയുമായിരുന്നു, പരിചയമില്ലാത്ത ആളുകളെ നോക്കി ചിരിക്കരുതെന്ന്. ഒരു പെൺകുട്ടി അങ്ങനെ എല്ലാവരെയും നോക്കി ചിരിക്കുമ്പോൾ ആളുകൾ അത് തെറ്റായ രീതിയിൽ വ്യാഖാനിക്കുമെന്നും ചീത്തപ്പേരുണ്ടാകുമെന്നുമൊക്കെ. അമ്മ അങ്ങനെ പറഞ്ഞത് കൊണ്ട് കരിയറിന്റെ തുടക്കകാലത്ത് മിക്ക സ്റ്റേജ് ഷോകളിലും ആരെയും നോക്കി ചിരിക്കാതെയിരുന്നിട്ടുണ്ടെന്നും ചിത്ര പറഞ്ഞു.

അമ്മ വളരെ സ്ട്രിക്ക്റ്റായിട്ടാണ് എന്നെ വളർത്തിയത്. ഞാൻ പിന്നണി ഗായികയാവുന്നതിൽ അമ്മയ്ക്ക് എതിർപ്പുണ്ടായിരുന്നു. ഒരു പരിചയവും ഇല്ലാത്ത സിനിമ മേഖലയിലേക്ക് വിടുന്നതിൽ പേടിയും ഉണ്ടായിരുന്നു അമ്മയ്ക്ക്. അച്ഛനാണ് അതിനൊക്കെ ധൈര്യം പകർന്നതെന്ന് ചിത്ര പറഞ്ഞു. അതേസമയം, അച്ഛനോ അമ്മയോ അല്ലെങ്കിൽ അടുപ്പമുള്ള ഒരാളെങ്കിലുമോ ഇല്ലാതെ ഒരു ഷോയ്ക്കും റെക്കോഡിങ്ങിനും താൻ പോയിട്ടില്ലെന്നും ചിത്ര കൂട്ടിച്ചേർത്തു.