ഓരോ തവണ മണ്ണ് ഇളകുമ്പോളും പുഴുക്കൾ നുരഞ്ഞുവന്നു; ഡെറ്റോളൊഴിച്ച് കുളിക്കേണ്ടി വന്നു: കുണ്ടറ ജോണി

  1. Home
  2. Entertainment

ഓരോ തവണ മണ്ണ് ഇളകുമ്പോളും പുഴുക്കൾ നുരഞ്ഞുവന്നു; ഡെറ്റോളൊഴിച്ച് കുളിക്കേണ്ടി വന്നു: കുണ്ടറ ജോണി

KUNDARA


മലയാളികൾക്ക് യാതൊരു പരിചയപ്പെടുത്തലും ആവശ്യമില്ലാത്ത നടനാണ് കുണ്ടറ ജോണി. കിരീടത്തിലെ പരമേശ്വരനടക്കം നിരവധി കഥാപാത്രങ്ങളായി അദ്ദേഹം മലയാളി മനസിൽ നിറഞ്ഞു നിൽക്കുകയാണ്. വില്ലൻ വേഷങ്ങളായിരുന്നു കുണ്ടറ ജോണിയെ തേടി കൂടുതലെത്തിയതും. എങ്കിലും നാടോടിക്കാറ്റിലേയും മറ്റും കോമഡി രംഗങ്ങളു ഇന്നും പ്രേക്ഷകരുടെ മനസിൽ നിറഞ്ഞു നിൽക്കുന്നു.

ഇപ്പോഴിതാ കിരീടത്തിൽ മോഹൻലാലുമായുള്ള ഫൈറ്റ് രംഗം ചിത്രീകരിച്ചതിന്റെ ഓർമ്മകൾ പങ്കുവെക്കുകയാണ് കുണ്ടറ ജോണി. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. മറ്റ് ഭാഷകളും മലയാള സിനിമയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും കുണ്ടറ ജോണി സംസാരിക്കുന്നുണ്ട്.

'കിരീടത്തിലെ ആ ഫൈറ്റ് സീൻ തിരുവനന്തപുരം മ്യൂസിയത്തിലെ ഏറ്റവും താഴെയുള്ള ഭാഗത്താണു ചിത്രീകരിച്ചത്. വേസ്റ്റൊക്കെ ഇടുന്ന സ്ഥലമാണ്. ബ്രേക്കില്ലാതെ രാവിലെ മുതൽ ഉച്ചവരെയായിരുന്നു ഷൂട്ട്. കാപ്പിയും ബിസ്‌കറ്റുമൊക്കെ മറ്റുള്ളവർ വായിൽ വച്ചു തരും. കൈയും ദേഹവും എല്ലാം അഴുക്കായിരുന്നു. ഓരോ തവണ മണ്ണ് ഇളകുമ്പോളും പുഴുക്കൾ നുരഞ്ഞുവന്നു'' എന്നാണ് കുണ്ടറ ജോണി പറയുന്നത്.

അതേതുടർന്ന് ലൊക്കേഷൻ മാറ്റണമോ എന്ന് സംവിധായകൻ ചോദിച്ചുവെങ്കിലും കുറേ ഷോട്ടുകൾ അവിടെ എടുത്തു പോയിരുന്നു. അതിനാൽ അവിടെ വച്ച് തന്നെ ഷൂട്ട് ചെയ്യാൻ താനും മോഹൻലാലും തയ്യാറായിരുന്നുവെന്നാണ് കുണ്ടറ ജോണി പറയുന്നത്. ഷൂട്ട് കഴിഞ്ഞതോടെ ഡെറ്റോളൊഴിച്ച് കുളിക്കേണ്ടി വന്നുവെന്നും അദ്ദേഹം പറയുന്നു. കിരീടം പിന്നീട് തെലുങ്കിലേക്കും തമിഴിലേക്കുമൊക്കെ റീമേക്ക് ചെയ്യപ്പെട്ട സിനിമയാണ്. മലയാളത്തിൽ വെറും രണ്ടര മണിക്കൂറിൽ ഷൂട്ട് ചെയ്ത ഈ രംഗം ചിത്രീകരിക്കാൻ തെലുങ്കിൽ എടുത്തത് ആറ് ദിവസമാണെന്നും താരം പറയുന്നു.

കുണ്ടറ ജോണിയെന്ന നടന് തെലുങ്കിലേക്കും തമിഴിലേക്കും കന്നഡയിലേക്കും അവസരം നേടിക്കൊടുത്ത ചിത്രമായിരുന്നു കിരീടം. മറ്റ് ഭാഷകളിൽ അഭിനയിക്കാൻ പോയപ്പോഴുണ്ടായ അനുഭവവും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. മറ്റ് ഭാഷയിൽ അഭിനയിക്കുമ്പോൾ നമ്മളെ കൂടുതൽ ഉയരാൻ അനുവദിക്കില്ലെന്നാണ് കുണ്ടറ ജോണി പറയുന്നത്. പിന്നാലെ ഒരു അനുഭവവും അദ്ദേഹം പങ്കുവെക്കുന്നുണ്ട്.

ഒരിക്കൽ താൻ അഭിനയിച്ചിരുന്ന തമിഴ് സിനിമയുടെ സെറ്റിലേക്ക് കേരളത്തിലെ കോളേജിൽ നിന്നും ബസ് വന്നു. ബസിൽ നിന്നും ഇറങ്ങിയ കുട്ടികൾ തന്നെ വളഞ്ഞു. അത് കണ്ട് ഇതുക്ക് മുന്നാടി ആക്ട് പണ്ണിയിരിക്കാ? എന്ന് അവർ ചോദിച്ചു. ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ടെന്ന് ജോണി പറഞ്ഞു. ഇതിന് ശേഷമാണ് ആ സിനിമയുടെ സെറ്റിലുള്ളവർ തന്നോട് സംസാരിക്കാൻ തുടങ്ങിയതെന്നാണ് കുണ്ടറ ജോണി പറയുന്നത്.

മലയാള സിനിമയിൽ എല്ലാവരും ഒരുപോലെയായിരുന്നു. എന്നാൽ മറ്റ് ഭാഷയിൽ വില്ലനും നായകനും തമ്മിൽ ഒരുപാട് അകലമുണ്ടായിരുന്നുവെന്നാണ് കുണ്ടറ ജോണിയുടെ അനുഭവം. നായകന്റെ വണ്ടിയിൽ പോലും വേറൊരാൾ കയറില്ലെന്നാണ് അദ്ദേഹം പറയുന്നത്. കിരീടത്തിന്റെ തെലുങ്കിൽ അഭിനയിച്ചപ്പോൾ നായകന്റെ വണ്ടിയിലേക്ക് കയറ്റില്ലായിരുന്നുവെന്നും കുണ്ടറ ജോണി ഓർക്കുന്നുണ്ട്. എന്നാൽ മലയാളത്തിൽ അങ്ങനെയായിരുന്നില്ല. എല്ലാവരും ഒരുമിച്ച് ഒരു വണ്ടിയിലായിരുന്നു യാത്ര ചെയ്തിരുന്നതെന്നാണ് കുണ്ടറ ജോണി പറയുന്നത്.

മമ്മൂട്ടിയും മോഹൻലാലും വരെ തങ്ങളുടെ കാർ ഹോട്ടലിൽ ഇട്ട ശേഷം പ്രൊഡക്ഷൻ വണ്ടിയിലായിരുന്നു യാത്ര ചെയ്തിരുന്നതെന്നാണ് കുണ്ടറ ജോണി ഓർക്കുന്നത്. പോകുന്ന വഴിയിൽ ചെറിയ ചായക്കടകളിൽ വണ്ടി നിർത്തി മമ്മൂട്ടിയും താനുമൊക്കെ ചായ കുടിക്കുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.