ലിയോയെയും മറികടന്ന് ജനനായകൻ; വിജയുടെ അവസാന ചിത്രം റിലീസിന് മുൻപേ ചരിത്രത്തിലേക്ക്

  1. Home
  2. Entertainment

ലിയോയെയും മറികടന്ന് ജനനായകൻ; വിജയുടെ അവസാന ചിത്രം റിലീസിന് മുൻപേ ചരിത്രത്തിലേക്ക്

vijay


രാഷ്ട്രീയ പ്രവേശത്തിന് മുന്നോടിയായി ദളപതി വിജയ് അഭിനയിക്കുന്ന അവസാന ചിത്രം 'ജനനായകൻ' ബോക്‌സ് ഓഫീസിൽ ചരിത്രം കുറിക്കുന്നു. ചിത്രം റിലീസ് ചെയ്യാൻ ഇനിയും ദിവസങ്ങൾ ബാക്കിനിൽക്കെ, യു.കെയിലെ അഡ്വാൻസ് ബുക്കിംഗിൽ വിജയുടെ തന്നെ മുൻ ഹിറ്റ് ചിത്രം 'ലിയോ'യുടെ റെക്കോഡാണ് തകർന്നത്. ലിയോ ആദ്യദിനത്തിൽ 10,000 ടിക്കറ്റുകൾ വിറ്റഴിച്ചപ്പോൾ, ജനനായകൻ ഇതിനോടകം 12,700-ലധികം ടിക്കറ്റുകൾ വിറ്റഴിച്ചതായാണ് റിപ്പോർട്ടുകൾ.

സിനിമയിൽ നിന്ന് വിരമിച്ച് പൂർണ്ണസമയ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ഇറങ്ങുന്ന വിജയുടെ അവസാന ചിത്രം എന്ന നിലയിൽ വലിയ വൈകാരിക പ്രാധാന്യമാണ് ആരാധകർ ഇതിന് നൽകുന്നത്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു രാഷ്ട്രീയ ത്രില്ലറാണെന്നതും സമകാലിക സാമൂഹിക പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നു എന്നതും പ്രേക്ഷകരുടെ ആകാംക്ഷ വർദ്ധിപ്പിക്കുന്നു. ചിത്രത്തിലെ പ്രമോഷണൽ വീഡിയോകളും ഗാനങ്ങളും ഇതിനോടകം തന്നെ തരംഗമായിക്കഴിഞ്ഞു.

2026 ജനുവരി ഒമ്പതിനാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. റിലീസിന് 20 ദിവസത്തിലധികം ബാക്കിയുള്ളപ്പോൾ തന്നെ പ്രീ-സെയിലിൽ ലഭിക്കുന്ന ഈ വൻ സ്വീകാര്യത ചിത്രം ബോക്‌സ് ഓഫീസിൽ വലിയ വിപ്ലവം സൃഷ്ടിക്കുമെന്നതിന്റെ സൂചനയാണ്.