വണ്ടി പോണേൽ പോട്ടെ…ജീവനോടെ ഉണ്ടല്ലോ, അത് മതി; 2025ലെ മുറിപാടുകളിൽ മനസ്സ് തകർന്നിട്ടില്ലെന്ന് പെപ്പെ

  1. Home
  2. Entertainment

വണ്ടി പോണേൽ പോട്ടെ…ജീവനോടെ ഉണ്ടല്ലോ, അത് മതി; 2025ലെ മുറിപാടുകളിൽ മനസ്സ് തകർന്നിട്ടില്ലെന്ന് പെപ്പെ

PEPE


2025-ൽ തനിക്കുണ്ടായ പരിക്കുകളെയും അപകടങ്ങളെയും കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പുമായി നടൻ ആന്റണി വർഗീസ് പെപ്പെ. വർഷത്തിന്റെ മുക്കാൽ ഭാഗവും ആശുപത്രികളിലും വേദനകൾക്കിടയിലുമായിരുന്നുവെന്നും എന്നാൽ ഈ മുറിപാടുകൾ തന്നെ കൂടുതൽ ശക്തനാക്കിയെന്നും പെപ്പെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

ജിമ്മിലെ പരിക്കുകൾക്കും ഷൂട്ടിംഗിനിടയിലെ അപകടങ്ങൾക്കും പിന്നാലെ നവംബർ 15-ന് വാഗമണ്ണിൽ വെച്ചുണ്ടായ കാർ അപകടത്തെക്കുറിച്ചും പെപ്പെ വെളിപ്പെടുത്തി. തന്റെ ആദ്യത്തെ കാർ അപകടത്തിൽ പൂർണ്ണമായും തകർന്നെങ്കിലും (ടോട്ടൽ ലോസ്), താനുൾപ്പെടെ വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേരും അത്ഭുതകരമായി രക്ഷപ്പെട്ടുവെന്ന് പെപ്പെ പറഞ്ഞു. "വണ്ടി പോണേൽ പോട്ടെ… ജീവനോടെ ഉണ്ടല്ലോ, അത് മതി," എന്നാണ് തകർന്ന കാറിന്റെ ചിത്രം പങ്കുവെച്ച് അദ്ദേഹം കുറിച്ചത്. തന്റെ വാഹനത്തിന്റെ നമ്പറായ 1818-ലും മാലാഖമാരുടെ സാന്നിധ്യത്തിലും താൻ വിശ്വസിച്ചിരുന്നുവെന്നും ആ വിശ്വാസം തന്നെ കാത്തുവെന്നും പെപ്പെ കൂട്ടിച്ചേർത്തു.

കുറിപ്പി​ന്റെ പൂർണരൂപം

'ജിമ്മിലെ പരിക്ക്, ഷൂട്ടിനിടയിലെ അപകടം… അങ്ങനെ വർഷത്തിന്‍റെ മുക്കാൽ ഭാഗവും ആശുപത്രികൾക്കും വേദനകൾക്കും ഇടയിലായിരുന്നു. അങ്ങനെ പോകുമ്പോൾ ആണ് 15 നവംമ്പർ 2025, വാഗമൺ വെച്ച് ഒരു ആക്സിഡന്റ് കൂടെ ബോണസ് ആയി അടിച്ചു കിട്ടി. അത്യാവശ്യം തരക്കേടില്ലാത്ത പരിക്കോടു കൂടി വണ്ടിയിൽ ഉണ്ടായിരുന്ന ഞങ്ങൾ മൂന്ന് പേരും രക്ഷപെട്ടു.

എന്റെ പ്രിയപ്പെട്ട ആദ്യത്തെ വണ്ടി 'ടോട്ടൽ ലോസ്' ആയി മാറി. പക്ഷേ, തകർന്നുപോയ ആ വണ്ടി ഞങ്ങളുടെ മൂന്ന് പേരുടെയും ജീവൻ കാത്തു. വണ്ടിയുടെ നമ്പർ 1818 എന്നായിരുന്നു. ആ നമ്പറിലും മാലാഖമാരുടെ സാന്നിധ്യത്തിലും ഞാൻ എപ്പോഴും വിശ്വസിച്ചിരുന്നു. എന്റെ ആ വിശ്വാസം തെറ്റിയില്ലെന്ന് എനിക്ക് ബോധ്യമായി.

വണ്ടി പോണേൽ പോട്ടെ…ജീവനോടെ ഉണ്ടല്ലോ, അത് മതി.

ഒരു വശത്ത്, എന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ വർഷമായിരുന്നു ഇത്. എന്നാൽ ആ കുഴപ്പങ്ങൾക്കിടയിലും ഒരു മാന്ത്രികത ഉണ്ടായിരുന്നു. 2025ൽ എനിക്ക് ചില നല്ല കാര്യങ്ങളും ചെയ്യാൻ സാധിച്ചു. ആ നിമിഷങ്ങളിൽ ഞാൻ സുഖം പ്രാപിക്കുകയായിരുന്നില്ല, പകരം പുതുതായി ചിലത് സൃഷ്ടിക്കുകയും ചിത്രീകരിക്കുകയും എപ്പോഴും സ്വപ്നം കണ്ടിരുന്ന ഭാവിയിലേക്ക് കാലെടുത്തുവെക്കുകയും ചെയ്തു.

അപ്പൊ എല്ലാം പറഞ്ഞപോലെ…… പുതിയ പരിപാടികളുടെ ആവേശവുമായി 2026ലേക്ക് കടക്കുന്നു. മുറിപ്പാടുകളുണ്ട്, പക്ഷെ മനസ്സ് തകർന്നിട്ടില്ല. പുതിയൊരു തുടക്കത്തിനായി…പുതുവത്സരാശംസകൾ. പറക്കൂ, ഫുൾ ഓൺ ഫുൾ പവർ' -പെപ്പെ കുറിച്ചു.