മധുബാല-ഇന്ദ്രൻസ് ചിത്രം 'ചിന്ന ചിന്ന ആസൈ' ജൂൺ 19-ന് തിയേറ്ററുകളിൽ
നടി മധുബാലയും ഇന്ദ്രൻസും പ്രധാന വേഷങ്ങളിലെത്തുന്ന 'ചിന്ന ചിന്ന ആസൈ' എന്ന ചിത്രം ജൂൺ 19-ന് തീയേറ്ററുകളിലെത്തും. നടൻ ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ചലച്ചിത്ര വിതരണ കമ്പനിയായ വേഫെറർ ഫിലിംസ് (Wayfarer Films) ആണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിക്കുന്നത്. വർഷ വാസുദേവ് കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഒരിടവേളയ്ക്ക് ശേഷം ശക്തമായൊരു കേന്ദ്ര കഥാപാത്രവുമായി മധുബാല മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മികച്ച കഥാപാത്രങ്ങളിലൂടെ കരിയറിലെ സുവർണ്ണകാലത്തിലൂടെ കടന്നുപോകുന്ന ഇന്ദ്രൻസും മധുബാലയ്ക്കൊപ്പം തുല്യ പ്രാധാന്യമുള്ള വേഷത്തിൽ എത്തുന്നു. പൂർണ്ണമായും വാരണാസിയിലാണ് 'ചിന്ന ചിന്ന ആസൈ' ചിത്രീകരിച്ചിരിക്കുന്നത്.
ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം അടുത്തിടെ പുറത്തുവന്ന് വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. "കര കവിയാതെ" എന്ന് തുടങ്ങുന്ന ഈ മനോഹരമായ മെലഡി ഗാനം ചിട്ടപ്പെടുത്തിയത് പ്രശസ്ത സംഗീത സംവിധായകൻ ഗോവിന്ദ് വസന്തയാണ്. അഭിജിത് അനിൽകുമാർ ആലപിച്ച, ഇന്ദ്രൻസും മധുബാലയും അഭിനയിച്ച ഈ ഗാനം ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കൻഡ് ലുക്ക് പോസ്റ്ററുകളും ഏറെ പ്രതീക്ഷ നൽകുന്നതായിരുന്നു.
ഫയിസ് സിദ്ധിക്ക് ഛായാഗ്രഹണവും റെക്ക്സൺ ജോസഫ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായൺ, ആർട്ട് ഡയറക്ടർ: സാബു മോഹൻ, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. അൻവർ അലി, ഉമ ദേവി, വരുൺ ഗ്രോവർ തുടങ്ങിയവർ എഴുതിയ വരികൾക്ക് ഗോവിന്ദ് വസന്ത നൽകിയ പശ്ചാത്തല സംഗീതം ചിത്രത്തിന്റെ മറ്റൊരു പ്രധാന ആകർഷണമാണ്.
