അന്ന് വീട്ടിൽ നിൽക്കാൻ തോന്നിയില്ല, ലക്ഷ്യമില്ലാതെ വണ്ടിയെടുത്തിറങ്ങി: മഡോണ പറയുന്നു

  1. Home
  2. Entertainment

അന്ന് വീട്ടിൽ നിൽക്കാൻ തോന്നിയില്ല, ലക്ഷ്യമില്ലാതെ വണ്ടിയെടുത്തിറങ്ങി: മഡോണ പറയുന്നു

madonna


ലിയോയുടെ വിജയത്തിന്റെ തിളക്കത്തിലാണ് മഡോണ. ചിത്രത്തിലെ മഡോണയുടെ വേഷത്തെക്കുറിച്ച് റിലീസിന് മുമ്പ് വരെ ആർക്കും അറിയുമായിരുന്നില്ല. തീയേറ്ററിലെത്തിയ പ്രേക്ഷകർക്ക് വലിയൊരു സർപ്രൈസ് ആയിരുന്നു മഡോണ അവതരിപ്പിച്ച വിജയുടെ സഹോദരിയുടെ വേഷം. ഇപ്പോഴിതാ തന്റെ ഡ്രൈവിംഗ് സ്നേഹത്തെക്കുറിച്ചും ലിയോയെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് മഡോണ. ഗൃഹലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മഡോണ മനസ് തുറന്നത്. ഒരിക്കൽ താൻ ആരോടും ഒന്നും പറയാതെ വീട്ടിൽ നിന്നും വണ്ടിയുമെടുത്ത് ഇറങ്ങിയതിനെക്കുറിച്ചും മഡോണ സംസാരിക്കുന്നുണ്ട്.

ഡ്രൈവിംഗിനോടുള്ള ഇഷ്ടം ലൈസൻസ് കിട്ടിയപ്പോൾ മുതൽ തുടങ്ങിയതാണ്. തിരക്കില്ലാത്ത സമയങ്ങളിലെല്ലാം വണ്ടിയുമെടുത്ത് പുറത്തേക്കിറങ്ങുന്നതാണ് പതിവ്. ഒറ്റയ്ക്കും വീട്ടുകാർക്കുമൊപ്പമുള്ള യാത്രകൾ ഇന്ന് ജീവിതത്തിന്റെ ഭാഗമാണെന്ന് മഡോണ പറയുന്നു. പിന്നാലെയാണ് താരം താൻ ഒറ്റയ്ക്ക് നടത്തിയ ആദ്യത്തെ യാത്രയെക്കുറിച്ച് സംസാരിക്കുന്നത്.

ആദ്യമായി ഒറ്റക്കൊരു ഡ്രൈവ് ചെയ്ത് പോയത് മൂന്നാറിലേക്കാണ്. ചെന്നൈയിൽ നിന്നും കൊച്ചിയിലെ വീട്ടിലെത്തി, അന്നത്തെ ജോലിയുടെ പിരിമുറക്കമെല്ലാം കാരണം വീട്ടിൽ നിൽക്കാൻ തോന്നിയില്ല. ചെന്നൈയിൽ നിന്നു കൊണ്ടു വന്ന ബാഗ് അതേപോലെ വണ്ടിയിലേക്ക് കയറ്റിവച്ച് പ്രത്യേകിച്ച് യാതൊരു ലക്ഷ്യവുമില്ലാതെ വണ്ടിയോടിച്ചു പോവുകയായിരുന്നു. യാത്ര എവിടേക്കാണെന്നറിയാൻ അമ്മയൊക്കെ ഒരുപാട് തവണ വിളിച്ചു. പക്ഷെ അവർക്ക് നൽകാൻ ഒരു ഉത്തരം എന്റെ കയ്യിലും ഇല്ലായിരുന്നുവെന്നാണ് താരം പറയുന്നത്.

അഭിനയിച്ചു തുടങ്ങിയതിന് ശേഷമാണ് സിനിമ ഒരു ആവേശമായി മാറിയത്. ആദ്യ സിനിമയിൽ വേഷം ചെയ്യുമ്പോഴും അഭിനയം ഒരു പ്രൊഫഷനായി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നില്ല. ഇന്ന് ജീവിതത്തിൽ സിനിമയിൽ വലിയ സ്ഥാനമുണ്ട്. അഭിനയത്തിൽ ഏറെ മുന്നോട്ട് പോകാനുണ്ടെന്നും ഓരോ സിനിമകൾ കഴിയുമ്പോഴും ഒരുപാട് പുതിയ കാര്യങ്ങൾ പഠിച്ചെടുക്കുകയാണെന്നും സ്വയം തിരിച്ചറിയുന്നുണ്ടെന്നും മഡോണ പറയുന്നു.

എലീസ ദാസ് ഒരു സർപ്രൈസ് വേഷമായിരുന്നു. അതുകൊണ്ട് തന്നെ സിനിമ പ്രദർശനത്തിനെത്തുന്നത് വരെ കഥാപാത്രത്തെക്കുറിച്ചും വിജയ് ചിത്രത്തിൽ അഭിനയിച്ച കാര്യവും രഹസ്യമാക്കി വച്ചു. സിനിമയെക്കുറിച്ച് ആദ്യം പറയുന്നത് ചിത്രിന്റെ കോ പ്രൊഡ്യൂസറായ ജഗദീഷാണ്. പിന്നീട് ചെന്നൈയിൽ പോയി സംവിധായകൻ ലോകേഷ് കനകരാജുമായി കൂടിക്കാഴ്ച നടത്തിയെന്നുമാണ് മഡോണ പറയുന്നത്.

വിജയ് സാറിന്റെ സഹോദരിയുടെ വേഷമാണെന്നറിഞ്ഞപ്പോഴും ആക്ഷൻ സീനുകളൊക്കെ ഉണ്ടാകുമെന്ന് പ്രതീക്ഷി്ച്ചിരുന്നില്ല. ആദ്യമായാണ് അത്തരം രംഗങ്ങൾ അഭിനയിക്കുന്നത്. നൃത്തച്ചുവടുകളോടുള്ള ഗാനരംഗമാണ് ആദ്യം ചിത്രീകരിച്ചത്. ചിത്രീകരണത്തിന്റെ ഒരു ദിവസം മുമ്പ് തന്നെ ഡാൻസ് സ്റ്റെപ്പുകൾ പറഞ്ഞു തന്നിരുന്നുവെന്നും താരം പറയുന്നു.