'ഗോകുൽ സുരേഷ് പറഞ്ഞ സ്റ്റേറ്റ്‌മെന്റ് ഞാൻ കേട്ടതാണ്, നിങ്ങൾക്ക് വേറെ പണിയില്ലേ'; മേജർ രവി

  1. Home
  2. Entertainment

'ഗോകുൽ സുരേഷ് പറഞ്ഞ സ്റ്റേറ്റ്‌മെന്റ് ഞാൻ കേട്ടതാണ്, നിങ്ങൾക്ക് വേറെ പണിയില്ലേ'; മേജർ രവി

major-ravi


സുരേഷ് ഗോപി തൃശൂർ ലോക്സഭ മണ്ഡലത്തിൽ വിജയിച്ചതിന് പിന്നാലെ നടി നിമിഷ സജയന് നേരെ രൂക്ഷമായ സൈബർ ആക്രമണം നടന്നിരുന്നു. നാല് വർഷങ്ങൾക്ക് മുമ്പ് തൃശൂർ മണ്ഡലവുമായി ബന്ധപ്പെട്ട് നിമിഷ നടത്തിയ പ്രസ്താവനയാണ് സൈബർ ആക്രമണത്തിന് കാരണം. താരത്തിന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് സംഘപരിവാർ അനുഭാവികൾ വ്യപകമായി സൈബർ ആക്രമണം അഴിച്ചുവിട്ടത്. ആക്രമണം രൂക്ഷമായതോടെ എതിർപ്പുമായി സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് രംഗത്തെത്തിയിരുന്നു. അവർ അന്ന് അങ്ങനെ പറഞ്ഞതിലും ഇന്ന് അവർക്കെതിരെ നടക്കുന്ന സോഷ്യൽ മീഡിയ ആക്രമണത്തിലും വിഷമം മാത്രമാണുള്ളതെന്നാണ് ഗോകുൽ സുരേഷ്. 

ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും ബിജെപി നേതാവുമായ മേജർ രവി. നിമിഷയ്ക്കെതിരെ നടക്കുന്ന വ്യക്തിഹത്യ ഒരിക്കലും നടക്കാൻ പാടില്ലാത്തതാണെന്ന് മേജർ രവി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ലൈവ് വീഡിയോയിൽ പറഞ്ഞു.'നിമിഷയെ മാനസികമായി വിഷമിപ്പിക്കുന്ന ഒരുപാട് കമന്റുകൾ സോഷ്യൽ മീഡിയയിൽ കണ്ടു. ആ കുട്ടി ഒരു രാഷ്ട്രീയക്കാരിയല്ല കലാകാരിയാണ്. അതുകൊണ്ട് ഇത്തരത്തിലുള്ള സൈബർ ആക്രമണം നേരിടാനുള്ള മാനസികമായ ശക്തി ആ കുട്ടിക്ക് ഉണ്ടോ എന്നറിയില്ല. ഏതോ ഒരു കാലത്ത് സുരേഷ് പറഞ്ഞ ഒരു കാര്യം ആ കുട്ടി വേദിയിൽ വന്ന് പറഞ്ഞു. അതിനെ അങ്ങനെ വിട്ടാൽ മതി. ഇപ്പോൾ നടക്കുന്ന ആക്രമണം വിഷമിപ്പിക്കുന്നതാണ്' മേജർ രവി പറഞ്ഞു.

'സുരേഷ് ഗോപിയുടെ മകനും അദ്ദേഹത്തിന്റെ കുടുംബവും ഇത്തരം കാര്യങ്ങളിൽ പലപ്പോഴും മാനസികമായി വിഷമിച്ചിട്ടുണ്ട്. സുരേഷ് ഗോപി നന്നായി വളർത്തിക്കൊണ്ടുവന്ന കുട്ടി എന്ന നിലയിൽ ഗോകുൽ സുരേഷ് പക്വമായി പറഞ്ഞ സ്റ്റേറ്റ്മെന്റ് ഞാൻ കേട്ടിട്ടുണ്ട്. അന്ന് അത് പറഞ്ഞപ്പോൾ വിഷമം ഉണ്ടായെന്നും എന്നാൽ ഇന്ന് അവർക്കെതിരെ ട്രോളുകൾ ഇടുന്നതിനോ മാനസികമായി പീഡിപ്പിക്കുന്നതിനോ എനിക്ക് താൽപര്യമില്ലെന്നാണ് ഗോകുൽ പറഞ്ഞത്'.

'അതിനെ അങ്ങ് വിടുകയാണ് ചെയ്യേണ്ടത്. അല്ലാതെ ഒരു പെൺകുട്ടിയുടെ പിറകിൽ കേറി അതിനെ അറ്റാക്ക് ചെയ്യാൻ നിങ്ങൾക്ക് വേറെ പണിയില്ലേ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. ആ കുട്ടി വ്യക്തിപരമായ ദേഷ്യം കൊണ്ടൊന്നുമല്ല അങ്ങനെ പറഞ്ഞത്. ഒരു സ്റ്റേജിൽ കയറി കുറച്ച് കയ്യടി കിട്ടാൻ വേണ്ടി പറഞ്ഞതാവാം. അങ്ങനെ ഒരു സംഭവമുണ്ടായി എന്ന് കരുതി അതിനെ വിടുക. ഇപ്പോൾ ആ കുട്ടിക്ക് നേരെ നടക്കുന്ന ആക്രമണത്തെ ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല'- മേജർ രവി പറഞ്ഞു.