'അന്ന് ഡൈ ചെയ്യുന്നത് നിർത്താമെന്ന് മധു സാറിനോട് പറഞ്ഞു, അന്ന് മുതൽ അദ്ദേഹം അത് നിർത്തി'; മമ്മൂട്ടി പറയുന്നു

  1. Home
  2. Entertainment

'അന്ന് ഡൈ ചെയ്യുന്നത് നിർത്താമെന്ന് മധു സാറിനോട് പറഞ്ഞു, അന്ന് മുതൽ അദ്ദേഹം അത് നിർത്തി'; മമ്മൂട്ടി പറയുന്നു

madhu


നവതിയിലേക്ക് എത്തി നിൽക്കുകയാണ് മലയാളത്തിന്റെ പ്രിയ നടൻ മധു. മലയാള ചലച്ചിത്ര രംഗത്ത് മധു കടന്ന് വന്നത് 1962ൽ ആയിരുന്നു. ആദ്യ മലയാള ചിത്രം രാമു കാര്യാട്ടിന്റെ മൂടുപടം ആയിരുന്നു. എന്നാൽ ആദ്യം പുറത്തിറങ്ങിയ ചിത്രം ശോഭന പരമേശ്വരൻ നായർനിർമിച്ച് എൻ.എൻ പിഷാരടി സംവിധാനം ചെയ്ത നിണമണിഞ്ഞ കാൽപാടുകളാണ്. ഈ ചിത്രത്തിൽ പ്രേം നസീറിന്റെ നായകകഥാപാത്രത്തെ വെല്ലുന്ന പ്രകടനത്തിലൂടെ മധു പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി.

പ്രേംനസീറും സത്യനും നിറഞ്ഞ് നിൽക്കുന്ന കാലത്താണ് സിനിമയിൽ രംഗപ്രവേശം നടത്തിയതെങ്കിലും അധികം വൈകാതെ സ്വതസിദ്ധമായ അഭിനയശൈലിയിലൂടെ സ്വന്തമായ ഒരു ഇടം നേടിയെടുക്കാൻ മധുവിനായി. ക്ഷുഭിത യൗവനവും പ്രണയാതുരനായ കാമുകനുമൊക്കെയായി അദ്ദേഹം പ്രേക്ഷകരുടെ മനം കവർന്നു.

വാർധക്യ സഹജമായ ബുദ്ധിമുട്ടുകളെ തുടർന്ന് തിരക്കുകളിൽ നിന്നും ഒഴിഞ്ഞ് വിശ്രമ ജീവിതം നയിക്കുന്ന പ്രിയ താരത്തെ കുറിച്ച് നടൻ മമ്മൂട്ടി കുറിച്ച വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. താൻ പറഞ്ഞശേഷമാണ് മധു തല ഡൈ ചെയ്യുന്നത് നിർത്തിയതെന്നാണ് മമ്മൂട്ടി മലയാള മനോരമ ഞായറാഴ്ച സപ്ലിമെന്റിൽ എഴുതിയ കുറിപ്പിൽ പറയുന്നു.

'ജീവിതത്തെ വളരെ ലാഘവത്തോടെ കാണുന്ന ആളാണ് അദ്ദേഹം. ഒരിക്കലും ആവശ്യമില്ലാത്ത ഒരു വാക്ക് സംസാരത്തിൽ ഉണ്ടാവില്ല. അന്തസോടെയാണ് ഇടപെടൽ. അടുത്തിടെ കണ്ടപ്പോൾ സാറിന്റെ തലയിൽ നിറയെ മുടിയുണ്ടല്ലോ.'

'ഇനി ഡൈ ചെയ്യുന്നതൊക്കെ നിർത്താം എന്ന് ഞാൻ പറഞ്ഞു. ഞാൻ പറഞ്ഞതുകൊണ്ടാണോ എന്നറിയില്ല അദ്ദേഹം ഡൈ ചെയ്യുന്നത് അവസാനിപ്പിച്ചു. പക്ഷെ എന്റെ സുന്ദരൻ സ്റ്റാർ ഈ നവതിയിലും തലയെടുപ്പുള്ള സുന്ദരൻ തന്നെ.'

'അദ്ദേഹത്തിന് എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു എന്നാണ് മമ്മൂട്ടി പറഞ്ഞത്. മധുവിനെ ആദ്യമായി കണ്ടതിനെ പറ്റിയും മമ്മൂട്ടി വിവരിച്ചു... എന്റെ നാടായ വൈക്കം ചെമ്പിനടുത്ത് മുറിഞ്ഞ പുഴയിൽ കാട്ടുപൂക്കളുടെ ഷൂട്ടിങ് നടക്കുന്ന സമയമാണത്. ഞാനന്ന് ആറിലോ ഏഴിലോ പഠിക്കുന്നു.'

'ഷൂട്ടിങ് കാണാനുള്ള കൊതിയിൽ കൂട്ടുകാരനുമൊത്ത് ചെറിയൊരു വള്ളം തുഴഞ്ഞ് അവിടേക്ക് പോകുകയായിരുന്നു. വള്ളവുമായി കാത്തുനിൽക്കുമ്പോൾ ഒരു സ്വപ്നം പോലെ മധു സാർ അതാ ഞങ്ങളുടെ വള്ളത്തിൽ വന്നുകയറി. അതിൽപരം ഒരു ത്രിൽ ഉണ്ടോ? അതോടെ പിന്നെ അദ്ദേഹം എന്റെ സ്വന്തം താരമായെന്നാണ്', കുട്ടിക്കാലത്തെ അനുഭവം പങ്കുവെച്ച് മമ്മൂട്ടി പറഞ്ഞത്.

വളരെ വേണ്ടപ്പെട്ടയാൾ എന്ന് എപ്പോഴും മനസ് പറയുന്ന ഒരാളാണ് മധു സാർ എന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.