ആ കാലഘട്ടത്തിലേക്ക് തിരിച്ചുപോകാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ അതൊരു നല്ല കാലവുമാണ്: മീര ജാസ്മിൻ പറയുന്നു

  1. Home
  2. Entertainment

ആ കാലഘട്ടത്തിലേക്ക് തിരിച്ചുപോകാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ അതൊരു നല്ല കാലവുമാണ്: മീര ജാസ്മിൻ പറയുന്നു

MEERA


മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് മീര ജാസ്മിൻ.  അച്ചുവിന്റെ അമ്മ, തന്മാത്ര, സ്വപ്നക്കൂട്, കസ്തൂരിമാൻ തുടങ്ങി മലയാളികളുടെ മനസ്സിൽ തിങ്ങി നിൽക്കുന്ന മീര ജാസ്മിൻ സിനിമകൾ നിരവധിയാണ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം ഒരേസമയം തിളങ്ങാൻ മീരയ്ക്ക് സാധിച്ചു. അക്കാലത്ത് അന്യഭാഷയിൽ പോയി നേട്ടമുണ്ടാക്കാൻ സാധിച്ച നായികയായിരുന്നു മീര ജാസ്മിൻ. അതിവേഗത്തിലാണ് തെന്നിന്ത്യയിലെ തിരക്കുള്ള നായികമാരിൽ ഒരാളായി മീര ജാസ്മിൻ പേരെടുത്തത്. അങ്ങനെ കരിയറിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു താരത്തിന്റെ വിവാഹം. വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത മീര ഇപ്പോൾ വീണ്ടും സജീവമാവുകയാണ്.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മകൾ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയ മീരയുടേതായി തമിഴിലും മലയാളത്തിലുമായി ഗംഭീര പ്രോജക്ടുകളാണ് അണിയറയിൽ ഉള്ളത്. മീര ടൈറ്റിൽ റോളിൽ എത്തുന്ന ക്വീൻ എലിസബത്താണ് അതിൽ റിലീസിന് ഒരുങ്ങുന്നത്. നരേനാണ് നായകൻ. അതിനിടെ ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ തന്റെ പുതിയ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് മീര ജാസ്മിൻ.

തിരിച്ചുവരുമ്പോൾ സിനിമയിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് മീര പറയുന്നു. ഇൻഡസ്ട്രി മാറിക്കൊണ്ടിരിക്കുകയാണ്. ഓരോ സെറ്റിലും മാറ്റങ്ങളുണ്ട്. ഓരോ കഥാപാത്രത്തെയും വിശദമായി അനലൈസ് ചെയ്താണ് ഇപ്പോൾ ഷൂട്ടിങ്ങിലേക്ക് കടക്കുന്നത്. വളരെ സന്തോഷം തോന്നുന്ന കാര്യമാണതെന്നും താരം പറയുന്നു.

പഴയ കാലത്തിലേക്ക് തിരിച്ചുപോകാൻ അവസരം കിട്ടിയാൽ ജീവിതത്തിന്റെ ഏതുഘട്ടം തിരഞ്ഞെടുക്കും എന്ന ചോദ്യത്തിന് താനിതുവരെ അതേക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് ആയിരുന്നു മീരയുടെ മറുപടി. സ്‌കൂൾകാലത്തേക്കു പോകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും. ഇനി പഠിക്കാനൊന്നും വയ്യെന്നും മീര പറഞ്ഞു. സ്‌കൂളിൽ പോകാൻ എന്തുമടിയായിരുന്നു. പക്ഷേ കൂട്ടുകാരെ ഓർക്കുമ്പോൾ അതൊരു നല്ല കാലമാണ്. അന്നത്തെ കൂട്ടുകാരാണ് ഇപ്പോഴും തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളെന്നും മീര വ്യക്തമാക്കി.

ഒരേസമയം കുട്ടിത്തവും പക്വതയും ഉള്ള ആളാണ് താനെന്നും മീര ജാസ്മിൻ പറഞ്ഞു. വേണ്ടിടത്ത് ഇതു രണ്ടും കടന്നു വരും. എപ്പോഴും പോസിറ്റീവ് ആയിരിക്കുക, സന്തോഷമായിരിക്കുക. അതാണ് ഞാൻ ആഗ്രഹിക്കുന്നതെന്നും കൂട്ടിച്ചേർത്തു. താൻ ഇതുവരെ ചെയ്തതിൽ തന്റെ സ്വഭാവത്തോടെ ചേർന്ന് നിൽക്കുന്നത് ഏറ്റവും പുതിയ ചിത്രത്തിലെ എലിസബത്ത് എന്ന കഥാപാത്രമാണെന്നും മീര പറഞ്ഞു. ഡിസിപ്ലിൻ, വൃത്തി, ഹെൽത്ത് കോൺഷ്യസ്നെസ്, പ്രതികരിക്കുന്ന രീതി ഇതൊക്കെ തനിക്കും എലിസബത്തിനും ഒരേപോലെയാണെന്ന് താരം പറഞ്ഞു.

നരേനൊപ്പം വർഷങ്ങൾക്ക് ശേഷം അഭിനയിക്കുന്ന അനുഭവവും പങ്കുവച്ചു. സിനിമയിലെ നല്ല സുഹൃത്തുക്കളിലൊരാളാണ് നരേൻ. ക്വീൻ എലിസബത്തിന്റെ ഷൂട്ടിങ്ങ് ശരിക്കും ഒരു കൂട്ടുകാരന്റെ കൂടെ വർക്ക് ചെയ്യുന്ന ഫീലായിരുന്നു. ഞാൻ നന്നായി ചെയ്യണമെന്ന് എന്നേക്കാൾ ആഗ്രഹിച്ചത് നരേനാണ്. എപ്പോഴും സപ്പോർട്ട് ചെയ്യും. പോസിറ്റീവായി മുന്നോട്ടു നയിക്കുന്ന ഒരാൾ. ഞങ്ങളൊരുമിച്ചുള്ള നാലാമത്തെ സിനിമയാണ്. അച്ചുവിന്റെ അമ്മ മുതലുള്ള ഓർമകളുണ്ടെന്ന് മീര ജാസ്മിൻ പറയുന്നു.