'ഏതോ കോമഡിയിൽ ജയറാം ഈ 'പയിനായിരം' എടുത്ത് വീശി; പബ്ലിസിറ്റി കൊടുത്തു'; എം.ജി. ശ്രീകുമാർ
സംഗീതലോകത്ത് വ്യത്യസ്തമായ ശൈലിയും ശബ്ദവും കേൾപ്പിച്ച മലയാളക്കരയുടെ ജനപ്രിയ ഗായകനാണ് എം.ജി. ശ്രീകുമാർ. പാടാൻ കഴിയുക എന്നത് ഈശ്വരാനുഗ്രഹമാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ചലച്ചിത്ര ഗാനങ്ങൾ, ഭക്തിഗാനങ്ങൾ, ലളിതഗാനങ്ങൾ, ആൽബം തുടങ്ങിയവയൊക്കെയായി ആയിരക്കണക്കിന് ഗാനങ്ങൾ അദ്ദേഹം പാടി. മലയാളി നെഞ്ചോടു ചേർത്തുപിടിച്ച അതുല്യഗായകൻ. നാടൻശീലുകളുടെ മാധുര്യം ഇത്രത്തോളം അനുഭവിപ്പിച്ച മറ്റൊരു ഗായകനും നമുക്കില്ല.
എംജിക്ക് 'പയിനായിരം' എന്ന പബ്ലിസിറ്റി കൊടുത്തത് ജയറാമാണ്. അതേക്കുറിച്ച് പറയുകയാണ് ഗായകൻ:
പ്രിയൻറെ ഷൂട്ടിംഗ് സെറ്റിൽ ചെന്നാൽ ഒരു ബഹളമാണ്. മോഹൻലാൽ ഉണ്ടെങ്കിൽ പറയുകയേ വേണ്ട. ഉത്സവമേളമായിരിക്കും പിന്നെ. പ്രിയൻറെ സെറ്റിൽ പോകാൻ തന്നെ മനസിനു സന്തോഷമുള്ള കാര്യമാണ്. പിന്നെ, സെറ്റിൽ ജയറാം പറയുകയേ വേണ്ട. 'പയിനായിരം' എടുക്കട്ടെ എന്ന ചോദ്യമാകും. ജയറാമാണ് അതിൻറെ സൃഷ്ടാവും.
ചാനലിൽ സരിഗമപ ചെയ്യുന്ന സമയത്ത് ഞാൻ പറഞ്ഞ ആ വാക്കാണ് പിന്നീട് ഏതോ കോമഡിയിൽ ജയറാം ഈ പയിനായിരം എടുത്ത് വീശുന്നത്. ബാക്കി എല്ലാവരും അതിലൂടെയാണ് എന്നെ പയിനായിരമാക്കി മാറ്റിയത്. എന്തായാലും ജയറാമാണ് അതിന് പബ്ലിസിറ്റി കൊടുത്തത്- എംജി പറഞ്ഞു.