നടി അപർണ ബാലമുരളിയോട് മോശം പെരുമാറ്റം; വിദ്യാർഥിക്ക് കാരണം കാണിക്കൽ നോട്ടീസ്

  1. Home
  2. Entertainment

നടി അപർണ ബാലമുരളിയോട് മോശം പെരുമാറ്റം; വിദ്യാർഥിക്ക് കാരണം കാണിക്കൽ നോട്ടീസ്

aparna


നടി അപർണ ബാലമുരളിയോട് മോശമായി പെരുമാറിയ  വിദ്യാർഥിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. എറണാകുളം ലോ കോളജ് പ്രിൻസിപ്പലാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ഇന്ന് തന്നെ ഇതിന് മറുപടി നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മറുപടി തൃപ്തികരമല്ലെങ്കിൽ നടപടിയെടുക്കുമെന്നും പ്രിൻസിപ്പൽ അറിയിച്ചു. തങ്കം സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കോളജിൽ എത്തിയപ്പോഴായിരുന്നു അപര്‍ണ ബാലമുരളിയോട് ലോ കോളജിലെ വിദ്യാര്‍ഥി മോശമായി പെരുമാറിയത്. 

ന‌ടിക്ക് പൂവു നല്‍കാനായി വേദിയില്‍ കയറിയ വിദ്യാര്‍ഥി കൈയിൽ പിടിക്കുകയും തോളിൽ കൈയിടാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. നടി അസ്വസ്ഥയാകുകയും ‘എന്താടോ, ലോ കോളജ് അല്ലേ’ എന്ന് ചോദിക്കുകയും ചെയ്തു. സംഭവത്തിൽ സ്തബ്ധയായിപ്പോയെന്ന് അപര്‍ണ പിന്നീ‌ട് ഫെയ്സ്ബുക്കില്‍ കുറിച്ചു.

തുടര്‍ന്ന് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് എറണാകുളം ഗവ. ലോ കോളജ് യൂണിയനും രംഗത്തെത്തിയിരുന്നു.  സിനിമാ താരത്തിന് നേരെ വിദ്യാർഥികളിൽ ഒരാളിൽ നിന്നും ഉണ്ടായ അനിഷ്ട സംഭവം ഏറെ ഖേദകരമാണെന്ന് യൂണിയന്‍ പറഞ്ഞു. സംഭവ സമയത്ത് തന്നെ യൂണിയൻ ഭാരവാഹി അത്തരത്തിലുള്ള പെരുമാറ്റത്തെ തടുക്കാൻ ശ്രമിക്കുകയും യൂണിയന്റെ ഭാഗത്ത് നിന്നും ഖേദം അറിയിക്കുകയും ചെയ്തിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് താരത്തിന് ഉണ്ടായ പ്രയാസത്തിൽ കോളേജ് യൂണിയൻ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നെന്നും കോളജ് യൂണിയൻ വ്യക്തമാക്കി.