മിഥുൻ ചക്രബർത്തിയ്ക്ക് ഇഷെമിക് സെറിബ്രോവാസ്‌കുലാർ സ്‌ട്രോക്ക്; സുഖംപ്രാപിക്കുന്നു

  1. Home
  2. Entertainment

മിഥുൻ ചക്രബർത്തിയ്ക്ക് ഇഷെമിക് സെറിബ്രോവാസ്‌കുലാർ സ്‌ട്രോക്ക്; സുഖംപ്രാപിക്കുന്നു

mithun-chakraborty


നടനും ബി.ജെ.പി നേതാവുമായ മിഥുൻ ചക്രബർത്തിയെ നെഞ്ചുവേദനയേത്തുടർന്ന് കഴിഞ്ഞ ദിവസം കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിൽ തുടരുന്ന അദ്ദേഹത്തിന്റെ ആരോഗ്യത്തേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. താരത്തിന് ഇഷെമിക് സെറിബ്രോവാസ്‌കുലാർ സ്‌ട്രോക്ക് ആണ് സംഭവിച്ചതെന്ന് ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിനിലൂടെ അറിയിച്ചു.

നിലവിൽ അദ്ദേഹം ബോധവാനായും ആരോഗ്യത്തോടെയുമിരിക്കുന്നുണ്ട്. താമസിയാതെ ന്യൂറോ ഫിസിഷ്യൻ, കാർഡിയോളജിസ്റ്റ്, ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റ് എന്നിവരടങ്ങുന്ന ഡോക്ടർമാരുടെ സംഘം നടനെ പരിശോധിച്ച് ആരോഗ്യം വിലയിരുത്തുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അദ്ദേഹം ആരോഗ്യവാനായിരിക്കുന്നുവെന്ന് മകൻ മിമോഹും പിന്നാലെ പ്രതികരിച്ചു.

മിഥുൻ ചക്രബർത്തിയെ നടി ദേബശ്രീ റോയ് ആശുപത്രിയിൽ സന്ദർശിച്ചു. അദ്ദേഹത്തിന്റെ ഷുഗർനില താഴ്ന്നുവെന്നും അസ്വസ്ഥത തോന്നിയതിനാൽ ഉടനടി ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. അദ്ദേഹം ഇപ്പോൾ ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുകയാണ്. ഈ മാസം 23-ന് പുതിയ സിനിമയിൽ അഭിനയിക്കാൻ മിഥുൻ സെറ്റിലെത്തുമെന്നും ദേബശ്രീ ആത്മവിശ്വാസം പ്രകടിപ്പിച്ചു. പുതിയ സിനിമയിൽ അഭിനയിക്കാൻ കുറച്ചുദിവസങ്ങൾകൂടി കഴിഞ്ഞാൽ താനെത്തുമെന്ന് മിഥുൻ ചക്രബർത്തി പറഞ്ഞതായി അദ്ദേഹത്തെ സന്ദർശിച്ച സംവിധായകൻ പഥികൃത് ബസുവും അറിയിച്ചു.