വീണ്ടും ക്രൈം ത്രില്ലറുമായി മിഥുൻ മാനുവൽ തോമസ്; നായകനായി ജയറാം

  1. Home
  2. Entertainment

വീണ്ടും ക്രൈം ത്രില്ലറുമായി മിഥുൻ മാനുവൽ തോമസ്; നായകനായി ജയറാം

Midhun movie


അഞ്ചാം പാതിരക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന പുതിയ ക്രൈം ത്രില്ലർ ചിത്രം 'അബ്രഹാം ഓസ് ലർ' ന്‍റെ ചിത്രീകരണം തുടങ്ങി. ജയറാമാണ് സിനിമയിലെ കേന്ദ്ര കഥാപാത്രമായ അബ്രഹാം ഓസ് ലർനെ അവതരിപ്പിക്കുന്നത്.  തൃശൂർ മിഷൻ കോട്ടേഴ്സിൽ വെച്ച് നിർമ്മാതാവ് ഇർഷാദ് എം.ഹസ്സൻ സ്വിച്ചോൺ കർമം നിർവഹിച്ചു കൊണ്ടാണ് ചിത്രീകരണം തുടങ്ങിയത്. 

ജയറാം, മിഥുൻ മാനുവൽ തോമസ് തിരക്കഥാകൃത്ത്, ഡോക്ടർ രൺധീർ കൃഷ്ണൻ, ഛായാ ഗ്രാഹകൻ തേനി ഈശ്വർ, ശ്രീമതി കലാ മോഹൻ, തുടങ്ങിയവർ ഭദ്രദീപം തെളിയിച്ചു. ജയറാമും സായ് കുമാറും അഭിനയിക്കുന്ന രംഗമായിരുന്നു ആദ്യം ചിത്രീകരിച്ചത്. മെഡിക്കൽ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന ചിത്രത്തിൽ ഒരു മരണത്തെ തുടർന്നുള്ള അന്വേഷണമാണ് കാണിക്കുന്നത്. ഇത് അന്വേഷിക്കുന്നത് ജയറാമിന്റെ കഥാപാത്രമായ ജില്ലാ പൊലീസ് കമ്മീഷണർ അബ്രഹാം ഓസ്‌ലർ ആണ്.

അർജുൻ അശോകൻ, ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വര രാജൻ, സെന്തിൽ കൃഷ്ണ, അർജുൻ നന്ദകുമാർ, ആര്യ സലിം, ജമാൽ എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങളെ അവതരിപ്പിക്കുന്നത്.