അപ്പനും മകനും പ്രേമിക്കാം, എന്നാൽ അമ്മയ്ക്ക് പ്രണയമുണ്ടായാൽ ദഹിക്കില്ല; സിനിമയിൽ ഇഷ്ടമായത് അത്, മിയ പറയുന്നു

മലയാളികളുടെ ഇഷ്ട നായികമാരിൽ ഒരാളാണ് മിയ ജോർജ്. മിനിസ്‌ക്രീനിൽ നിന്ന് ബിഗ് സ്‌ക്രീനിലെത്തി വലിയ താരമായി മാറിയ ചുരുക്കം ചില നടിമാരിൽ ഒരാളാണ് മിയ. 2010 ൽ പുറത്തിറങ്ങിയ ഒരു സ്മോൾ ഫാമിലി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്.
പിന്നീട് ഒരുപിടി നല്ല വേഷങ്ങൾ ചെയ്ത് മിയ മലയാള സിനിമയിൽ സജീവമാവുകയായിരുന്നു. പൊതുവെ വിവാഹശേഷം നടിമാർ സിനിമ വിടുന്ന ട്രെൻഡിൽ നിന്ന് മാറി നടന്ന നടി കൂടിയാണ് മിയ. വിവാഹശേഷവും ഗർഭകാലത്തും പ്രവാസവനന്തരവും മിയ സിനിമയിൽ സജീവമായി തന്നെ നിൽക്കുകയാണ്. മലയാളത്തിന് പുറമെ തമിഴിലും സജീവമാണ് താരം.
പ്രണയ വിലാസമാണ് മിയയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മലയാള സിനിമ. അർജുൻ അശോക്, മമിത ബൈജു, അനശ്വര രാജൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ ഒരു ശ്രദ്ധേയ വേഷമാണ് മിയ കൈകാര്യം ചെയ്തത്. നിഖിൽ മുരളി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.
ഇതുവരെ കണ്ടതിൽ നിന്ന് തീർത്തും വ്യത്യസ്തമായ വേഷത്തിലാണ് മിയ ചിത്രത്തിൽ എത്തിയിരിക്കുന്നത്. പത്ത്, നാല്പതിലധികം വയസ് പ്രായം വരുന്ന അവിവാഹിതയായ, ഒറ്റയ്ക്ക് ജീവിക്കുന്ന അധ്യാപികയുടെ വേഷമാണ് മിയ അവതരിപ്പിച്ചത്. ഇപ്പോഴിതാ, തന്നെ പ്രണയ വിലാസമെന്ന ചിത്രത്തിലേക്ക് എത്തിച്ച ഘടങ്ങളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മിയ.
വിവാഹ ശേഷം പുരുഷന് പ്രണയമാകാം. പക്ഷെ സ്ത്രീക്ക് ഒരു പ്രേമം ഉണ്ടായിരുന്നു എന്ന് കേൾക്കുമ്പോൾ അത് സഹിക്കാൻ പറ്റാത്ത ഒന്നായാണ് പലരും കാണുന്നത്. ആ കാര്യമാണ് പ്രണയവിലാസം എന്ന സിനിമ ചർച്ച ചെയ്യുന്നത്. അങ്ങനൊരു കാഴ്ചപ്പാടിൽ മുൻപ് മലയാളത്തിൽ സിനിമ ഇറങ്ങിയിട്ടില്ലെന്നും അതുകൊണ്ട് കഥ കേട്ടപ്പോൾ തന്നെ തനിക്ക് ഒരുപാട് ഇഷ്ടമായെന്നും മിയ പറയുന്നു. പ്രണയവിലാസം ടീമിന്റെ പ്രസ് മീറ്റിലാണ് മിയ ഇത് പറഞ്ഞത്.
'പൊതുവെ നമ്മൾ സമൂഹത്തിലേക്ക് നോക്കുമ്പോൾ മകന് പ്രേമിക്കാം, അപ്പന് പ്രേമിക്കാം പക്ഷെ അമ്മക്ക് ഒരു പ്രേമം ഉണ്ടായിരുന്നു എന്ന് കേൾക്കുമ്പോൾ അത് ദഹിക്കാൻ പറ്റാത്ത ഒന്നായാണ് കാണുന്നത്,' തനിക്ക് ഈ സിനിമയിൽ ഏറ്റവും ഇഷ്ടമായ ഫാക്ടറായി തോന്നിയത് അക്കാര്യമെന്നാണ് മിയ പറഞ്ഞത്.
'സിനിമയിൽ ആണെങ്കിലും മകന് പ്രേമം എന്ന് പറയുമ്പോഴേക്കും അതിനെ എതിർത്തൊക്കെ പറയും അല്ലെങ്കിൽ സപ്പോർട്ട് ചെയ്ത് പറയും. പക്ഷെ അമ്മക്ക് ഒരു പ്രേമം ഉണ്ടായിരുന്നു എന്ന കാഴ്ചപാടിൽ ഒരു സിനിമയും വന്നതായി കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ അത് വന്നാൽ നന്നായിരിക്കും. അതിൽ ഒരു പുതുമയുണ്ടായിരിക്കും എന്ന് കഥ കേട്ടപ്പോൾ തന്നെ മനസിലായി,' മിയ പറഞ്ഞു.
കഥാപാത്രത്തെ ഇഷ്ടമായതും അതിനൊരു പ്രധാന ഘടകമാണെന്ന് മിയ ചൂണ്ടിക്കാട്ടി. 'മീര എന്ന കഥാപാത്രവും എനിക്ക് ഇഷ്ടമായി. കുറച്ച് സീനുകളിൽ മാത്രമേ ഉള്ളുവെങ്കിലും അതെല്ലാം ശ്രദ്ധിക്കപ്പെടുന്നവ ആയിരിക്കുമെന്ന് തോന്നി. കൂടാതെ എല്ലാ കഥാപാത്രങ്ങളെയും ആ രീതിയിലാണ് എഴുതി വെച്ചിരിക്കുന്നത്. സിനിമയുടെ കഥ കേട്ടപ്പോൾ തന്നെ ഇതൊരു നല്ല സംഭവമായി വരുമെന്ന് തോന്നിയിരുന്നു,' എന്നും മിയ പറഞ്ഞു.
നിരവധി സിനിമകളാണ് മിയയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. കുഞ്ഞ് ജനിച്ച് അധികം വൈകാതെ തന്നെ മിയ അഭിനയ ലോകത്തേക്ക് തിരിച്ചെത്തിയിരുന്നു.