'തുടക്കം' സിനിമയിലെ ആദ്യ ഗാനം പുറത്തുവിട്ട് മോഹൻലാൽ; വിസ്മയയുടെ അച്ഛനും അമ്മയുമായി സായ് കുമാറും ചിപ്പിയും
വിസ്മയ മോഹൻലാൽ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്ന 'തുടക്കം' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം സൂപ്പർതാരം മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു. 'തളിരോമലേ... ചെറുതൂവലേ...' എന്ന് തുടങ്ങുന്ന മനോഹരമായ ഗാനം ആലപിച്ചിരിക്കുന്നത് പ്രിയഗായിക കെ.എസ്. ചിത്രയാണ്. ജേക്സ് ബിജോയാണ് ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത്. ചിത്രത്തിൽ വിസ്മയ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലം മുതലുള്ള വളർച്ചയാണ് ഗാനരംഗത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. ചിത്രത്തിൽ വിസ്മയയുടെ അച്ഛനായി സായ് കുമാറും അമ്മയായി ചിപ്പിയുമാണ് വേഷമിടുന്നത്.
മെഗാഹിറ്റ് ചിത്രമായ '2018'-ന് ശേഷം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും 'തുടക്കത്തിനുണ്ട്'. പുതുമുഖ താരം ആശിഷ് ജോ ആന്റണിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. പ്രമുഖ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകനായ ആശിഷ്, മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ 'എമ്പുരാനിലും' ഒരു നിർണ്ണായക വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. വൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ ബോബി കുര്യൻ, കെ.ബി. ഗണേഷ് കുമാർ തുടങ്ങിയവരും അഭിനയിക്കുന്നു. ഓഗസ്റ്റ് ഏഴിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.
ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോമോൻ ടി. ജോൺ ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിങ്ങും നിർവ്വഹിക്കുന്നു. സന്തോഷ് രാമൻ (പ്രൊഡക്ഷൻ ഡിസൈൻ), ജിതേഷ് പൊയ്യ (മേക്കപ്പ്), അരുൺ മനോഹർ (കോസ്റ്റ്യൂം ഡിസൈൻ) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ഡോ. എമിൽ ആന്റണിയും ഡോ. അനീഷ ആന്റണിയുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.
