വിസ്മയയ്ക്കൊപ്പം മോഹൻലാലും;പുതിയ പോസ്റ്റർ ശ്രദ്ധ നേടുന്നു; ‘തുടക്കം’ ആഗസ്റ്റ് ഏഴിന്
ആശീർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കത്തിന്റെ പുതിയ പോസ്റ്റർ പുറത്തു വിട്ട് അണിയറപ്രവത്തകർ.തീക്ഷ്ണമായ ഭാവത്തോടെ മോഹൻലാൽ. അല്പം ദൈന്യഭാവത്തിൽ വിസ്‌മയാ മോഹൻലാൽ. നടുവിലായി തിങ്ങിനിറഞ്ഞ മുടിയും ഗൗരവഭാവവുമായി ആശിഷ് ജോ ആൻ്റണി. താഴെ ഒരു കുട്ടിയുടെ കുട്ടിയുടെ ചുമലിൽ കൈയ്യിട്ടു നടക്കുന്ന വിസ്‌മയാ മോഹൻലാൽ. അവർക്കു മുന്നിൽ കൗതുകമുള്ള ഒരു നായ എന്നിവ പോസ്റ്ററിൽ കാണാം.സിനിമയുടെ പോസ്റ്റർ ഇതിനോടകം തന്നെ ജനശ്രദ്ധ നേടി.മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ സിനിമ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് തുടക്കം. ഓഗസ്റ്റ് ഏഴിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.
ഒരു കുടുംബകഥയാണ് 'തുടക്കം' അവതരിപ്പിക്കുന്നതെന്ന് സംവിധായകൻ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ചിത്രത്തിലെ കഥാപാത്രങ്ങളുടെ പശ്ചാത്തലവും കഥയുടെ ഉള്ളടക്കവും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. പീരുമേട്, തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ഡോ. എമിൽ ആന്റണിയും ഡോ. അനീഷ ആന്റണിയുമാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.മനോജ് കെ. ജയൻ, ഗണേഷ് കുമാർ, ബോബി കുര്യൻ, ദിനേശ് പ്രഭാകർ, ജാഫർ ഇടുക്കി, കോട്ടയം രമേഷ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
