മോഹൻലാലിന്റെ 'അതിമനോഹരം'; ഓണം സ്‌പെഷ്യൽ പോസ്റ്റർ ട്രെൻഡിങ്ങിൽ
ആഷിഖ് ഉസ്മാൻ നിർമിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം 'അതിമനോഹരം' എന്ന സിനിമയുടെ ഓണം സ്‌പെഷ്യൽ പോസ്റ്റർ സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. പൊലീസ് യൂണിഫോമിൽ ബുള്ളറ്റിൽ മാസ് ലുക്കിൽ ഇരിക്കുന്ന മോഹൻലാലാണ് പോസ്റ്ററിലെ പ്രധാന ആകർഷണം. ചിത്രം ഡിസംബർ 24ന് തിയേറ്ററുകളിലെത്തുമെന്നും പോസ്റ്ററിൽ വ്യക്തമാക്കുന്നു.
ലൗലജൻ എന്ന സാധാരണക്കാരനായ പൊലീസ് സബ് ഇൻസ്പെക്ടറുടെ ഔദ്യോഗിക ജീവിതത്തിലും വ്യക്തിജീവിതത്തിലും അരങ്ങേറുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെയാണ് കഥ പറയുന്നത്. മീരാ ജാസ്മിനാണ് ചിത്രത്തിലെ നായിക.
ഒരു ഇടവേളയ്ക്ക് ശേഷം മോഹൻലാൽ-മീരാ ജാസ്മിൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
'തുടരും' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം തരുൺ മൂർത്തിയും മോഹൻലാലും വീണ്ടും ഒന്നിക്കുമ്പോൾ സിനിമാപ്രേമികളുടെ പ്രതീക്ഷയും ഏറെയാണ്. മലയാള സിനിമയ്ക്ക് നിരവധി വിജയചിത്രങ്ങൾ സമ്മാനിച്ച ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ആദ്യ മോഹൻലാൽ ചിത്രമെന്ന പ്രത്യേകതയും 'അതിമനോഹര'ത്തിനുണ്ട്.
