വരുന്നു മൂക്കുത്തി അമ്മൻ 2; നയൻതാര-സുന്ദർ. സി ചിത്രം 'മഹാശക്തി' നവംബർ 6-ന് തിയേറ്ററുകളിലേക്ക്
സൂപ്പർഹിറ്റ് ചിത്രം 'മൂക്കുത്തി അമ്മൻ' രണ്ടാം ഭാഗമായ 'മഹാശക്തി' നവംബർ ആറിന് ദീപാവലി റിലീസായി തിയേറ്ററുകളിലെത്തും. സുന്ദർ സി. സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് തീയതി, ഗണേശചതുർത്ഥി ദിനത്തിൽ പുറത്തുവിട്ട ടീസറിലൂടെയാണ് നിർമാതാക്കളായ വേൽസ് ഫിലിംസ് ഇന്റർനാഷണൽ പുറത്തുവിട്ടത്.
ഭക്തിയും നർമവും സാമൂഹിക പ്രസക്തിയും കോർത്തിണക്കി ഒരുക്കിയ ആദ്യഭാഗത്തിന്റെ തുടർച്ചയായാണ് 'മഹാശക്തി' എത്തുന്നത്. നയൻതാരയ്‌ക്കൊപ്പം ദുനിയാ വിജയ്, റെജീന കസാൻഡ്ര, ഉർവശി, യോഗി ബാബു, ഗരുഡ റാം, നിതിൻ സത്യ തുടങ്ങിയ പ്രമുഖ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ഡോ. ഇഷാരി കെ. ഗണേഷ് നിർമ്മിക്കുന്ന ചിത്രത്തിന് ഹിപ്പ്‌ഹോപ്പ് തമിഴയാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. ഖുശ്ബു സുന്ദർ, വിഘ്നേഷ് ശിവൻ, കുഷ്മിത ഗണേഷ്, ഇഷാൻ സക്സേന എന്നിവർ സഹനിർമാതാക്കളായ ചിത്രത്തിന്റെ രചനയും സംവിധാനവും സുന്ദർ സി തന്നെയാണ് നിർവഹിച്ചിരിക്കുന്നത്.
