മോഹന്‍ലാലിന് ബിയര്‍ വാങ്ങാന്‍ പോയി; നായികയുടെ മുന്നില്‍ ഇമേജ് പോയെന്ന് മുകേഷ്

  1. Home
  2. Entertainment

മോഹന്‍ലാലിന് ബിയര്‍ വാങ്ങാന്‍ പോയി; നായികയുടെ മുന്നില്‍ ഇമേജ് പോയെന്ന് മുകേഷ്

mukesh


ബോയിങ് ബോയിങ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയുണ്ടായ രസകരമായൊരു കഥ പങ്കുവെച്ച് നടൻ മുകേഷ്.  മോഹന്‍ലാല്‍ തുടക്കക്കാരന്‍ ആണെങ്കിലും കുറച്ച് നായകവേഷങ്ങളൊക്കെ ചെയ്ത് ബിസിയായ കാലം. ഞാന്‍ ഫുള്‍ ഫ്രീയാണ്. ഇങ്ങനൊരു റോള്‍ കിട്ടിയതില്‍ സന്തോഷിച്ചുവെന്ന് നടൻ മുകേഷ്.

എല്ലാവരും താമസിക്കുന്നത് രഞ്ജിത്ത് ഹോട്ടലിലാണ്. പ്രിയനും മോഹന്‍ലാലും നായികമാരുമെല്ലാം അവിടെയാണ് താമസം. മോഹന്‍ലാല്‍ മൂന്ന് സിനിമകളില്‍ അഭിനയിക്കുന്നുണ്ട്. എല്ലാത്തിലും അടിയൊക്കെയുണ്ട്. എനിക്ക് ബോയിങ് ബോയിങ് മാത്രമേയുള്ളു. മോഹന്‍ലാല്‍ അവിടെ ഫ്രീയാകുമ്പോള്‍ വന്ന് ബോയിങ് ബോയിങില്‍ അഭിനയിച്ചിട്ട് പോകും.

ഒരു ദിവസം ഉച്ചയ്ക്ക് ഉച്ച സമയം. എനിക്ക് ഷൂട്ടിംഗ് ഇല്ല. ഞാന്‍ മുറിയിലിരിക്കുകയാണ്. മോഹന്‍ലാല്‍ വിയര്‍ത്തു കുളിച്ച് കയറി വന്നു. ഒരു ഫൈറ്റ് തീര്‍ത്തു വരികയാണെന്ന് പറഞ്ഞ് കട്ടിലില്‍ കിടന്നു. നീ വല്ലതും കഴിച്ചോ, ഇല്ലെങ്കില്‍ എനിക്കും കൂടെ ഓര്‍ഡര്‍ ചെയ്യൂ എന്ന് മോഹന്‍ലാല്‍ പറഞ്ഞു. പെട്ടെന്ന് മോഹന്‍ലാല്‍, എടാ നല്ല തണുത്ത ബിയര്‍ കിട്ടിയാല്‍ എങ്ങനെയിരിക്കും എന്ന് ചോദിച്ചു. ആ ബിയറും കുടിച്ച് ഭക്ഷണവും കഴിച്ച് നാല് മണി വരെ എനിക്കുറങ്ങാം. പിന്നെ രാത്രി വരെ ഷൂട്ട് ചെയ്യാം എന്നും മോഹന്‍ലാല്‍ പറഞ്ഞു.

അതിനെന്താ എന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ ഞാനൊന്ന് കുളിക്കട്ടെ എന്നിട്ട് നമുക്ക് ഒരുമിച്ച് പോകാമെന്ന് മോഹന്‍ലാല്‍. അത് വേണ്ട നിങ്ങള്‍ കുളിച്ച് വരുമ്പോഴേക്കും ഞാന്‍ വാങ്ങി വരാം എന്ന് ഞാന്‍ പറഞ്ഞു. കൈലിയും ടീ ഷര്‍ട്ടുമാണ് എന്റെ വേഷം. അതായിരുന്നു കഥയുടെ ആദ്യ ഭാഗം. ബോയിങ് ബോയിങില്‍ മൂന്ന് നായികമാരുണ്ട്. ലിസി, മാധുരി, അശ്വിനി. അശ്വിനി തെലുങ്കിലെ നായികയാണ്. എന്‍ടി രാമറാവുവിന്റെ കൂടെ അഭിനയിക്കുന്ന ആളാണ്. അശ്വിനിയോട് ആരോ പറഞ്ഞത് ഞങ്ങള്‍ രണ്ടു പേരും കേരളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ ആണെന്നാണ്. ആ ബഹുമാനം ഞങ്ങള്‍ക്ക് തരുന്നുണ്ട്.

ഹോട്ടലിന്റേയും ബാറിന്റേയും നടക്കുള്ള സ്ഥലത്ത് ഒരു ഐസ് ക്രീം പാര്‍ലര്‍ ആയിരുന്നു. ഞാന്‍ രണ്ട് തണുത്ത ബിയറും വാങ്ങി വരികയാണ്. മുടി തട്ടുടുത്ത് കെട്ടിയിട്ടുണ്ട്. രണ്ട് കെയ്യിലും ബിയര്‍. ഒരു കൈയ്യില്‍ മിക്‌സ്ചറുമുണ്ട്. ചുണ്ടത്തൊരു സിഗരറ്റും. അങ്ങനെ ഞാന്‍ വരുമ്പോള്‍ അശ്വിനി അവിടെ ഒരു കാറിന് മുകളില്‍ ഇരുന്ന് ഐസ് ക്രീം കഴിക്കുകയും. കൂടെ സുഹൃത്തുക്കളുമുണ്ട്. ആരോ എന്നെ സൂക്ഷിച്ച് നോക്കുന്നതായി എനിക്ക് മനസിലായി. ഞാന്‍ നടപ്പിലൊക്കെ മാറ്റം വരുത്തി, മനസിലാക്കാതിരിക്കാന്‍, നടന്നു പോയി.

പെട്ടെന്ന് മുകേഷ് സാര്‍ എന്നൊരു വിളി. മലയാളികള്‍ക്കുള്ള കുഴപ്പം പോലെ ഞാന്‍ തിരിഞ്ഞു നോക്കി. ഇതെന്താണ് സാര്‍ എന്ന് അശ്വിനി ചോദിച്ചു. ഞാന്‍ പറഞ്ഞു, ഇത് എനിക്കുള്ളതല്ല മുറിയില്‍ മോഹന്‍ലാലുണ്ട് അദ്ദേഹത്തിനുള്ളതാണെന്ന്. അപ്പോള്‍ കൂടെയുള്ളവര്‍ ഇതാരാണെന്ന് അശ്വിനിയോട് ചോദിച്ചു. മലയാളം സൂപ്പര്‍ സ്റ്റാര്‍ മുകേഷ് ആണെന്ന് അശ്വിനി പറഞ്ഞു. ഇതോ സൂപ്പര്‍ സ്റ്റാര്‍! എന്ന് സുഹൃത്ത് കളിയാക്കി.

ഞാന്‍ മുറിയിലേക്ക് ഓടിയാണ് ചെന്നത്. മുറിയില്‍ ചെന്നതും മോഹന്‍ലാലിനോട് ഒറ്റയടി വച്ചു തരും നിങ്ങള്‍ ഒരുത്തന്‍ കാരണം എന്റെ ഇമേജ് മൊത്തം പോയി എന്ന് പറഞ്ഞു. അദ്ദേഹം ഭയങ്കര ചിരിയായിരുന്നു. പിന്നീട് അശ്വിനി എപ്പോഴും സംശയത്തോടെയാണ് എന്നെ നോക്കിയിരുന്നത്.